പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപീഠം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കാണാതായെന്ന് ആരോപണം ഉന്നയിച്ച സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നു പീഠങ്ങള്‍ കണ്ടെത്തി. വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്.
ശബരിമല ദ്വാരപാലക ശില്പങ്ങള്ക്ക് സ്വര്‍ണ പീഠംകൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നുമുള്ള സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ ആരോപണവും ഇതോടെ സംശയത്തിന്റെ നിഴലിലായി.ആരോപണങ്ങള്‍ക്കു പിന്നാലെ ഹൈക്കോടതിയാണ് പീഠങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയത്.
ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ നിയോഗിച്ചിരുന്നു. വിജിലന്‍സ് സംഘം ദേവസ്വം ബോര്‍ഡിന്റെ എല്ലാ സ്ട്രോംഗ് റൂമുകളും പരിശോധിച്ചു. അവസാനം ആരോപണമുന്നയിച്ച സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നുതന്നെ ഈ പീഠങ്ങള്‍ കണ്ടെത്തുകയായിരുന്നു.
കണ്ടെത്തിയ സ്വര്‍ണപീഠം ദേവസ്വം സ്ട്രോംഗ് റൂമിലേക്കു മാറ്റി. ഇതു സംബന്ധിച്ച് ഇന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണന് പോറ്റിയെ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ വീട്ടിലും പരിശോധന നടത്തി.
തിരുവനന്തപുരത്തെ വീട്ടിലും ബംഗളൂരുവിലെ വീട്ടിലുമാണ് അന്വേഷണസംഘം പരിശോധന നടത്തിയത്.പരിശോധനകളില്‍ കാണാതായ പീഠത്തെ സംബന്ധിച്ച് സൂചന കിട്ടിയിരുന്നു. വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടില്‍ ഇതുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പീഠം കണ്ടെത്തിയത്.