ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി റഷ്യയിലെ കാസാനിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ബിരിയാണി എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിനുശേഷം സജിൻ ബാബു സംവിധാനം ചെയ്ത് അഞ്ജന ടാക്കീസ് നിർമിക്കുന്ന ചിത്രത്തിൽ റിമാ കല്ലിങ്കലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമാതാക്കളായും സന്തോഷ് കോട്ടായി സഹനിർമാതാവായും എത്തുന്ന ഈ ചിത്രം, കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്നു.
ഈ സിനിമയുടെ അന്താരാഷ്ട്രയാത്രയിലെ ഒരു പുതിയ അധ്യായമാണ് കാസാനിലെ ഈ പ്രദർശനം. നേരത്തെ കാൻ ചലച്ചിത്രമേളയിൽ ട്രെയ്ലർ പുറത്തിറങ്ങിയപ്പോൾ തന്നെ ആഗോളതലത്തിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു. കൂടാതെ, 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ടാറ്റർസ്ഥാൻ-ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ് ഫോറത്തിന്റെ(TIME) സാംസ്കാരിക പരിപാടിയുടെ ഭാഗമായി 2025 ഒക്ടോബർ എട്ടിനും ഒന്പതിനും റഷ്യയിലെ കാസാനിലാണ് ചിത്രത്തിന്റെ പ്രദർശനം. വ്യാപാര, സാംസ്കാരിക, നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ഫോറം, ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള പ്രത്യേക പരിപാടികൾക്കും ചർച്ചകൾക്കും വേദിയൊരുക്കുന്നുണ്ട്.
ഈ ഫോറം കലാപരമായ മൂല്യവും സാംസ്കാരിക പ്രാധാന്യവുമുള്ള സിനിമകളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നതിന്റെ തെളിവാണ് തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ എന്ന ചിത്രത്തിന്റെ തിരഞ്ഞെടുപ്പ്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രദർശനത്തിൽ പങ്കെടുക്കുകയും പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യും. അതോടൊപ്പം, സജിൻ ബാബു ആധുനിക ഇന്ത്യൻ സിനിമ: സമകാലിക പ്രവണതകൾ എന്ന വിഷയത്തിൽ ഒരു പ്രത്യേക പ്രഭാഷണവും നടത്തും.
കൂടാതെ, പ്രശസ്ത സംവിധായകൻ ഡോ. ബിജു ഇന്ത്യൻ സിനിമയും സംസ്കാരാതീതമായ കഥാവതരണങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 2025 ഒക്ടോബർ 16-ന് “തിയേറ്റർ” തിയറ്ററുകളിലെത്തും. പിആർഒ-എ.എസ്. ദിനേശ്.