റോഡ് നിയമങ്ങൾ നമ്മളെല്ലാവരും പാലിക്കണമെന്ന് പറയുന്നത് വെറുതേയല്ല. നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാൻ അത് അത്യന്താപേക്ഷിതമാണ്. ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന് പറഞ്ഞാലും ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ അഭ്യാസം കാട്ടുന്ന യൂത്തൻമാർ കുറവല്ല. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഛത്തീസ്ഗഢിലെ ബിജാപ്പൂർ ജില്ലയിലാണ് സംഭവം.
ഒരുകൂട്ടം യുവാക്കൾ തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ആണിത്. അഞ്ച് യുവാക്കൾ ഒരു സ്കൂട്ടറിൽ ബാലൻസിംഗ് പ്രകടനം നടത്തുകയാണ്.
നാലുപേർ സ്കൂട്ടറിൽ ഇരിക്കുമ്പോൾ, അഞ്ചാമൻ മറ്റു നാലുപേരുടെ തോളിൽ കയറി നിൽക്കുകയും അവരുടെ മുകളിൽ കിടക്കുകയുമൊക്കെയാണ് ചെയ്യുന്നത്. അഞ്ചു പേരും ഹെൽമെറ്റോ മറ്റ് സുരക്ഷാ മുൻകരുതലുകളോ സ്വീകരിച്ചിരുന്നില്ല. സ്കൂട്ടർ ബാലൻസ് കിട്ടാതെ ആടിയുലയുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഇങ്ങനെ യാത്ര ചെയ്യുന്നവരെ കർശനമായും ശിക്ഷിക്കണമെന്നാണ് എല്ലാവരും കമന്റ് ചെയ്തത്.