മരട്: എറണാകുളം മരടില്‍ വാഹനങ്ങളുടെ കൂട്ടയിടിയെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബുള്ളറ്റ് യാത്രക്കാരന് മരിച്ചു. കുണ്ടന്നൂര്‍ വാലിയേക്കരി നികര്‍ത്തില്‍ വി.ജി. ഭാഗ്യനാഥ് (54) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6.15 ഓടെ മരട് കൊട്ടാരം ജംഗ്ഷന് കഴിഞ്ഞ് പാണ്ഡവത്ത് ക്ഷേത്രം വരെയുള്ള ഭാഗത്ത് വാഹനങ്ങളില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ആദ്യം ഇടിച്ചത് ഭാഗ്യനാഥ് സഞ്ചരിച്ച ബുള്ളറ്റിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ താഴെ വീണ ഭാഗ്യനാഥിന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയിരുന്നു. ഗുരുതര പരുക്കേറ്റ ഭാഗ്യനാഥ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന യുവതി ഓടിച്ച കാര്‍ ആദ്യം ബുള്ളറ്റിലും പിന്നീട് നാല് ഇരുചക്ര വാഹനങ്ങളിലും ഒരു ഓട്ടോയിലും ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇടിയേറ്റ കാര്‍ വട്ടം തിരിഞ്ഞ് പിക് അപ്പ് വാഹനത്തിലുമിടിച്ചു. അപകടമുണ്ടാക്കിയ കാര്‍ സമീപത്തെ മതിലിലും ഇടിച്ചാണ് നിന്നത്. അപകടത്തില്‍ പരുക്കേറ്റ മറ്റുള്ളവര്‍ മരടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ഭാഗ്യനാഥിന്റെ ഭാര്യ ഷിദമോള്. മക്കള്‍: ഹരി ബി.നാഥ്, ഗൗരി മിത്ര.