കോട്ടയം: ജില്ലയില്‍ ഇക്കൊല്ലം സെപ്റ്റംബര്‍ വരെ 18,000 പേര്‍ക്ക് പട്ടികടിയേറ്റു. ഇതില്‍ 1000 എണ്ണം ഒഴികെ തെരുവുനായകളില്‍ നിന്നാണു കടിയേറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 2000 പേര്‍ക്ക് അധികമായി നായയുടെ ആക്രണമുണ്ടായി. ജില്ലയില്‍ ആറ് നായകള്‍ ചത്തത് പേ വിഷബാധയിലാണെന്നും സ്ഥിരീകരിച്ചു.
പൂച്ചകള്‍ക്കും പേ ബാധയുടെ തോത് വര്‍ധിച്ചിട്ടുണ്ട്.വെള്ളാവൂര്‍, നെടുമണ്ണി എന്നിവിടങ്ങളില്‍ കുറുനരിയുടെ കടിയേറ്റ് പശുക്കളും പേ ഇളകി ചത്തു. തെരുവുനായ വന്ധ്യംകരണം ഉള്‍പ്പെടെ പ്രതിരോധ പദ്ധതികളൊന്നും ജില്ലയില്‍ വിജയം കണ്ടില്ല.
പേപ്പട്ടിയുടെ കടിയേറ്റ ലുക്കു നാടുവിട്ടു;തെരഞ്ഞു മടുത്ത് ആരോഗ്യവകുപ്പ്
കോട്ടയം: കടിച്ചത് പേപ്പട്ടിയെന്നറിയാതെ എവിടെയോ പോയ ഇതര സംസ്ഥാനത്തൊഴിലാളിയെക്കുറിച്ച് വിവരമില്ല. കഴിഞ്ഞ മാസം 17ന് നാഗമ്പടത്ത് 11 പേരെ കടിച്ച നായ അന്നു രാത്രി ചാകുകയും പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കടിയേറ്റവരില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളായ ദിനേശ് കുമാര്‍, ലുക്കു എന്നിവരുമുണ്ടായിരുന്നു.
ആദ്യ ഡോസ് പ്രതിരോധ വാക്സിന് കടിയേറ്റ ദിവസം തന്നെ 11 പേര്‍ക്കും കൊടുത്തെങ്കിലും പിറ്റേന്നാണ് നായയ്ക്ക് റാബീസ് സ്ഥിരീകരിച്ചത്.വാക്സിന് എടുത്ത രണ്ട് തൊഴിലാളികളും അന്നുതന്നെ കോട്ടയം വിട്ടു. ഒന്ന്, മൂന്ന്, ഏഴ്, 28 ദിവസക്രമത്തില്‍ നാല് കുത്തിവയ്പുകളാണ് എടുക്കേണ്ടത്
. മൂന്നാംദിവസം ഇതര സംസ്ഥാനത്തൊഴിലാളികള്‍ വാക്സിനേഷന് വരാതെ വന്നതോടെ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ദിനേശ് കുമാറിനെ കണ്ടെത്തി പേ ബാധയുടെ ഗൗരവം മനസിലാക്കിക്കൊടു ത്ത് തുടര്‍ന്നു കുത്തിവയ്പ് എടുത്ത് വരികയാണ്.
ഒന്നാം ഡോസ് കുത്തിവയ്പ് എടുത്തു മുങ്ങിയ ലുക്കു എവിടെയെന്ന് വ്യക്തമല്ല. ഇയാളുടെ ഫോട്ടോകളും ലഭ്യമല്ല. സാധ്യതയുള്ള മേഖലകളില്‍ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ അന്വേഷണം തുടരുകയാണ്. ഇയാള്‍ ആശുപത്രിയില്‍ നല്കിയ പേര് യഥാര്‍ഥമാണോ എന്നതും വ്യക്തമല്ല.
കോട്ടയം മെഡിക്കല്‍ കോളജിലും ജില്ലാ ആശുപത്രിയിലുമായി മറ്റ് 10 പേര് കൃത്യമായ ഇടവേളകളിലായി മൂന്ന് വാക്സിനേഷന് എടുത്തിട്ടുണ്ട്. അവസാന ഡോസ് നല്‍കും വരെ ആരോഗ്യവകുപ്പ് ജാഗ്രതയിലാണ്.