കൊച്ചി: എറണാകുളം ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ അസഫാക്ക് ആലം വിചാരണ കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. വിചാരണ കോടതിയുടെ വധശിക്ഷ ഇതുവരെ ഹൈക്കോടതി സ്ഥിരീകരിച്ചിട്ടില്ല.
നിയപരമായി വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി അംഗീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ആലുവ മാര്‍ക്കറ്റിനുള്ളില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 2023 ജൂലൈ 29 നാണ് അറസ്റ്റിലായത്. വധശിക്ഷ കഠിനവും നീതീകരിക്കാനാവാത്തതുമാണെന്ന് ചൂണ്ടികാട്ടിയാണ് അപ്പീല്‍. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 110 ദിവസത്തിനുള്ളില്‍ വിചാരണ കോടതി അനാവശ്യ തിടുക്കത്തില്‍ വിചാരണ നടത്തി, കേസ് വാദിക്കാനുള്ള ന്യായവും നീതിയുക്തവുമായ അവസരം നഷ്ടപ്പെടുത്തിയെന്നും അപ്പീലില്‍ പറയുന്നു.
വിചാരണ കോടതി നിയമിച്ച വിവര്ത്തകന് തനിക്കെതിരെ പക്ഷപാതപരമായി പെരുമാറി. ഒരു മാധ്യമ അഭിമുഖത്തില്‍, വിവര്ത്തകന് തന്നെ പരസ്യമായി തൂക്കിക്കൊല്ലണം, വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അത്തരമൊരു വ്യക്തിയെ നിഷ്പക്ഷനായി കണക്കാക്കാന്‍ കഴിയില്ലെന്നും അപ്പീലില്‍ പറയുന്നു.
സാക്ഷികളുടെ മൊഴികളിലെ പൊരുത്തക്കേട്, മെഡിക്കല്‍ തെളിവുകളുടെ പോരായ്മ, അന്വേഷണത്തിലെ പ്രശ്നങ്ങള്‍, ശരിയായ രീതിയില്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ 60 കാരണങ്ങള്‍ അപ്പീലില്‍ ഉന്നയിച്ചിട്ടുണ്ട്. ശിക്ഷ റദ്ദാക്കണമെന്നും അപ്പീല്‍ പരിഗണിക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.