ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായികമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. റാണിയെ തേടി ദേശീയ പുരസ്കാരം വരെയെത്തി. എന്നാല്‍ റാണി മുഖര്‍ജിയുടെ സിനിമ അരങ്ങേറ്റത്തിന് അമ്മ കൃഷ്ണ മുഖര്‍ജി എതിര്‍പ്പായിരുന്നു. താരകുടുംബത്തില്‍ നിന്നാണ് റാണി സിനിമയിലെത്തുന്നത്. തന്നെ അഭിനയിപ്പിക്കരുതെന്ന് അമ്മ നിര്‍മാതാവിനോട് പറഞ്ഞിട്ടുണ്ടെന്നാണ് റാണി മുഖര്‍ജി പറയുന്നത്.
ഒരഭിമുഖത്തിത്തിലാണ് റാണിയുടെ വെളിപ്പെടുത്തല്‍. അരങ്ങേറ്റ സിനിമയായ രാജാ കി ആയേഗി ബാരാത്ത് എന്ന സിനിമയുടെ സ്ക്രീനിംഗിന് പിന്നാലെയാണ് മകളെ അഭിനയിപ്പിക്കരുതെന്ന് കൃഷ്ണ നിര്‍മാതാവായ സലീം അക്തറിനോടു പറയുന്നത്.
ജീവിതത്തിലെ ആദ്യസ്ക്രീന്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അമ്മ പ്രോത്സാഹനം നല്കുകയാണു ചെയ്തത്. നീ ഇതൊന്നു ചെയ്തു നോക്ക്, എങ്ങനെ പോകുന്നുവെന്നു കാണാം എന്നായിരുന്നു ആദ്യം അമ്മ പറഞ്ഞത്. തന്റെ ഫസ്റ്റ് സ്ക്രീന്‍ ടെസ്റ്റ് കണ്ടതും അമ്മ നിര്‍മാതാവിനോട് എന്റെ മകളെ നായികയാക്കിയാല്‍ നിങ്ങളുടെ സിനിമ തകരുമെന്നും നിങ്ങൾക്ക് വലിയ നഷ്ടമാകുമെന്നുമാണ് അമ്മ പറഞ്ഞതെന്നു റാണി മുഖര്‍ജി പറയുന്നു.
എന്നാല്‍ അമ്മയുടെ ആശങ്ക കണക്കിലെടുക്കാതെ നിര്‍മ്മാതാവ് സലിം അക്തര്‍ മുന്നോട്ട് പോവുകയും 1996ല്‍ പുറത്തിറങ്ങിയ രാജാ കി ആയേഗി ബരാത് എന്ന ചിത്രത്തിലേക്കു റാണിയുമായി കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഈ സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച റാണി പിന്നീട് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയിലേക്കു വളര്‍ന്നു.
അമ്മയ്ക്കു മാത്രമല്ല, അച്ഛനും താന്‍ അഭിനയിക്കുന്നതിനോടു താത്പര്യ മില്ലായിരുന്നില്ലെന്നാണ് റാണി മുഖര്‍ജി പറയുന്നത്. കാരണം ആ സമയത്ത് താരങ്ങളുടെ മക്കള്‍ അഭിനയത്തിലേക്ക് വരാറുണ്ടായിരുന്നില്ല. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍.
കൂടുതലും ആണ്മക്കളാണ് ഈ പ്രൊഫഷന് തെരഞ്ഞെടുത്തിരുന്നത്. ഇന്നത്തേതുപോലെ അച്ഛനമ്മമാരുടെ പാത പിന്തുടരാന് പെൺമക്കള്ക്ക് താത്പര്യമുണ്ടായിരുന്നില്ല. അത് വേറൊരു കാലമായിരുന്നു- റാണി കൂട്ടിച്ചേർത്തു. അന്ന് സിനിമ അത്ര ശോഭനമായൊരു കരിയര്‍ ഓപ്ഷന് ആയിരുന്നില്ല. എനിക്കോര്‍മയുണ്ട് കുട്ടിക്കാലത്ത്, സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ സിനിമാ കുടുംബത്തില്‍ നിന്നുമാണെന്ന് പറയുന്നത് വലിയ അഭിമാനകരമായ കാര്യമായിരുന്നില്ലെന്നും റാണി പറയുന്നു.