എടത്വ: മാമ്പുഴക്കരി-പുതുക്കരി-എടത്വ റോഡില് യാത്രക്കാര്ക്കു ഭീഷണിയായി മരണക്കുഴികള്. ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്പ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.
റോഡ് ഉള്പ്പെടുന്ന വീയപുരം മുതല് മുളയ്ക്കാംതുരുത്തി വരെ വരുന്ന 21.457 കി.മി. ദൈര്ഘ്യമുള്ള റോഡിനായി റീ ബില്ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില് ഉള്പ്പെടുത്തി 132 കോടി രൂപ വിനിയോഗിച്ച് പുനര്നിര്മാണം നടത്താനായി തുക അനുവദിച്ചിരുന്നു.
കരാര് ഏറ്റെടുത്ത കമ്പനി വര്ഷകാലമായതുകൊണ്ട് നിര്മാണം നടത്തുവാന് വൈകുന്നതിനാല് യുദ്ധകാല അടിസ്ഥാനത്തില് റോഡിലെ മരണക്കുഴികള് അടയ്ക്കാനുള്ള നടപടി ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ആദ്യ ഘട്ടത്തില് വാലടി മുതല് മുളയ്ക്കാംതുരുത്തി വരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കാനാണ് നിര്മാണം ഏറ്റെടുത്ത കെഎസ്ടിപി ശ്രമിക്കുന്നത്.
മാമ്പുഴക്കരി-പുതുക്കരി-എടത്വ റോഡില് അടിയന്തര ഇടപെടല് ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറല് സെക്രട്ടറിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ പ്രമോദ് ചന്ദ്രന് എക്സിക്യൂട്ടീവ് എൻജിനിയര്ക്ക് കത്തു നല്കി.