തപാലില്‍ കത്തോ… അതെന്താണെന്നു ചോദിച്ചേക്കാം ന്യൂജന്‍ തലമുറ. ഇന്‍ലന്റ്, പോസ്റ്റ് കാര്‍ഡ്, സ്റ്റാന്പ്, മണിയോര്‍ഡര്‍ എന്നൊക്കെ കേട്ടിട്ടില്ലാത്തവരും കാണാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയുള്ള സംഭാഷണവും വിവിധ യുപിഐകളിലൂടെയുള്ള സാമ്പത്തിക കൈമാറ്റവും സാധാരണമായ ഇക്കാലത്ത് തപാല്‍ സംവിധാനംതന്നെ പഴങ്കഥയാകുന്പോൾ പുതിയ മേഖലകളിൽ കൈവച്ച് അടിമുടി മാറിക്കഴിഞ്ഞു തപാൽ വകുപ്പ്. ആശങ്കയുടെ ദിനങ്ങളിൽനിന്ന് മുന്നേറ്റത്തിന്റെ പാതയിൽ തപാൽവകുപ്പ് സഞ്ചരിക്കുന്പോൾ വീണ്ടുമൊരു തപാല്ദിനംകൂടി.
കത്തിനായി കാത്തിരിക്കും കാലം
പണ്ടൊക്കെ ദിവസവും വീട്ടുകാര്‍ കാത്തിരിക്കുന്ന വ്യക്തിയായിരുന്നു പോസ്റ്റുമാന്. ക്രിസ്മസ് കാലമെത്തിയാല്‍ ക്രിസ്മസ് കാര്‍ഡുകള്‍ക്കായി കാത്തിരിപ്പ്. കോളജ് അഡ്മിഷന് കാര്‍ഡും ഉദ്യോഗ ഉത്തരവുമൊക്കെ പ്രതീക്ഷിച്ച് പലരും പോസ്റ്റ് ഓഫീസിനു ചുറ്റും തമ്പടിച്ചിരുന്ന കാലം.
സുഖ ദുഃഖങ്ങള്‍, സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, വിശേഷങ്ങള്‍ എന്നിവയൊക്കെ കത്തുകളായി പോസ്റ്റുമാന് കൊണ്ടുവന്നിരുന്ന കാലം. കത്ത് പൊട്ടിച്ചു വായിച്ച് ചിരിച്ചും കരഞ്ഞും സമാധാനപ്പെട്ടുമൊക്കെ പലരും പങ്കുചേര്ന്നിരുന്നതൊക്കെ ഗൃഹാതുരത പകരുന്ന ഓര്‍മയാണ്.
അഞ്ചലോട്ടക്കാരൻ
1854 ഒക്ടോബര്‍ 10നാണ് ഇന്ത്യന്‍ തപാല്‍ സര്‍വീസിന്റെ ആരംഭം. 1774ല്‍ കോല്‍ക്കത്തയിലാണ് ആദ്യ ജനറല്‍ പോസ്റ്റോഫീസിനു തുടക്കമായത്. ഇന്ത്യ സ്വതന്ത്രമായതോടെ ഇവയെല്ലാം ഇന്ത്യന്‍ പോസ്റ്റല്‍ സംവിധാനത്തിന്റെ ഭാഗമായി. സ്വന്തമായി തപാല്‍ സ്ഥാപിച്ച ആദ്യ നാട്ടുരാജ്യം തിരുവിതാംകൂറാണ്. തിരുവിതാംകൂറിലെ സംവിധാനം അഞ്ചല്‍ എന്നും തപാല്‍ എത്തിച്ചിരുന്നയാളെ അഞ്ചലോട്ടക്കാരന് എന്നുമാണ് വിളിച്ചിരുന്നത്.
രാജ്യമൊട്ടാകെ ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകളുണ്ടെന്നാണു കണക്ക്. ഓരോ സ്ഥലത്തെയും ജനസാന്ദ്രതയാണ് പോസ്റ്റോഫീസ് സ്ഥാപിക്കാനള്ള മാനദണ്ഡം. കത്തുകളും മണിയോര്‍ഡറുകളും പോസ്റ്റ് കാര്‍ഡുകളും മാത്രമല്ല ഇപ്പോള്‍ തപാല്‍ സേവന മേഖല. സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷ്വറന്‍സ്, സര്‍ക്കാര്‍ സേവനങ്ങളുടെ വിതരണം എന്നിങ്ങനെ നീളുന്നു.
വേമ്പനാട്ടുകായല്‍ പിഒ, പിന് 688 806 പോസ്റ്റ് മിസ്ട്രസ് സീതാമണി
സമുദ്രനിരപ്പില്‍നിന്നും 2.5 മീറ്റര്‍ താഴെ വേമ്പനാട്ടുകായലിലെ മനുഷ്യനിര്‍മിത ദ്വീപായ ആര് ബ്ലോക്ക് പോസ്റ്റോഫീസാണ് വേമ്പനാട്ടുകായല്‍ പിഒ. ദ്വീപിലെ 160 മേല്വിലാസക്കാര്ക്കുള്ള ബ്രാഞ്ച് പോസ്റ്റ്മിസ്ട്രസാണ് വി.പി. സീതാമണി. 34 വര്‍ഷമായി സീതാമണി ഇവിടെ ജോലി ചെയ്യുന്നു. 688 006 എന്ന പിന്കോഡിലൂടെ കടന്നുപോയ തപാലുകള്‍ക്ക് കണക്കില്ല.
കത്തുകള്‍, നോട്ടീസുകള്‍, പെന്‍ഷനുകള്‍, മണിയോര്‍ഡര്‍ എല്ലാം ഈ പോസ്റ്റോഫീസിലെത്തും. ആലപ്പുഴ-കോട്ടയം യാത്രാ ബോട്ടിലാണ് ആലപ്പുഴയില്‍നിന്നും മെയില്‍ ബാഗ് എത്തുന്നത്. രാവിലെ 11.30നും ഉച്ചകഴിഞ്ഞ് 2.30നും തപാല്‍ ആവശ്യത്തിനു മാത്രം ബോട്ട് കടവിലെത്തും.
സീതാമണി വീട്ടില്‍നിന്നു വരുമ്പോഴും പോകുമ്പോഴും നടന്നും തോണിതുഴഞ്ഞുമാണ് തപാല്‍ വിതരണം. 2018ലെ പ്രളയത്തില്‍ 15 ദിവസം പ്രവര്‍ത്തനം മുടങ്ങി. സീതാമണിയുടെ വെള്ളത്തില്‍ മുങ്ങിയ വീടിനുസമീപം ഷെഡ് കെട്ടി പോസ്റ്റ് ഓഫീസ് തുറന്നു. ആദ്യകാലത്ത് ഒരു പോസ്റ്റുമാനുമുണ്ടായിരുന്നു. ആളുകളുടെ എണ്ണം കുറഞ്ഞതോടെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ മതിയെന്ന് വകുപ്പ് തീരുമാനമായി.
തപാല്‍ കഥ പറയുന്ന ചെമന്ന പെട്ടി
തപാല്‍ ഓഫീസുകളുടെ ദുരവസ്ഥയും തപാല്‍ ചരിത്രവും പറയുന്നതാണ് പയസ് സ്കറിയ പൊട്ടംകുളം ഒരുക്കിയ ചെമന്ന പെട്ടി എന്ന ഡോക്യുമെന്ററി. ആലപ്പുഴ ആര്. ബ്ലോക്കിലെ തപാല്‍ ഓഫീസില്‍ 34 വര്‍ഷമായി തനിച്ചു ജോലി ചെയ്യുന്ന വി.പി. സീതാമണിയിലൂടെയാണ് തപാല്‍ വളര്‍ച്ചയുടെ കഥ പറയുന്നത്. 45 വര്‍ഷമായി റബര്‍ വ്യാപാര മേഖലയിലുള്ള കാഞ്ഞിരപ്പള്ളി സ്വദേശി പയസ് തന്നെയാണ് എഴുത്തും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ജിബിൻ കുര്യൻ