തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ അമ്മാവനെ മരുമകനായ യുവാവ് അടിച്ചുകൊന്നു. കുടപ്പനക്കുന്ന് അമ്പഴംകോട് പുതിച്ചിയില് താമസിക്കുന്ന സുധാകരന് (80) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകന് രാജേഷാണ് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയതെന്നാണു പോലീസ് പറയുന്നത്.
രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുധാകരനോടൊപ്പം ഒരു വീട്ടിലാണ് രാജേഷും താമസിച്ചു വന്നിരുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചു സ്ഥിരമായി രാജേഷ് സുധാകരനെ മര്‍ദിക്കുക പതിവായിരുന്നുവെന്നും ഇന്നലെ രാത്രിയിലും സുധാകരനെ ക്രൂരമായി ഇയാള്‍ മര്ദിച്ചിരുന്നുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്.
ഇന്നു രാവിലെ അബോധാവസ്ഥയിലുള്ള സുധാകരനെ രാജേഷ് കുളിപ്പിക്കാന്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.പോലീസെത്തുമെന്നറിഞ്ഞ ഇയാള്‍ വീട്ടില്‍ നിന്നു രക്ഷപ്പെട്ടു.സമീപപ്രദേശത്ത് പോലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ വീട്ടില്‍ പോലീസെത്തിയപ്പോള്‍ സുധാകരനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മര്‍ദനത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണോ ഇന്ന് രാവിലെയാണൊ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമെ വ്യക്തമാകുകയുള്ളുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്. ഇയാളുടെ എതിര്‍ചേരിയിലുള്ള ഗുണ്ടാസംഘം സമീപകാലത്ത് സുധാകരന്റെ വീട് ആക്രമിക്കുകയും നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
സമീപവാസികള്‍ക്കെല്ലാം രാജേഷിനെ ഭയമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണന്തല പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.