കോട്ടയം: തെരുനായ, പാമ്പ്, പൂച്ച, ഉറുമ്പ്, കൊതുക് എന്നിവ കൊണ്ടു പൊറുതിമുട്ടിയ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടില്‍ നിക്ഷേപിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ജീവന് ആടിയുലയുന്നു. ഒരു കുഞ്ഞിനെ തൊട്ടിലില്‍ നിക്ഷേപിച്ചുപോയാലുടന് അധികര്‍ക്ക് അറിയിപ്പു നല്‍കാനുള്ള അലാറം പ്രവര്‍ത്തനരഹിതമായിട്ട് രണ്ടു വര്‍ഷമാകുന്നു.
കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടില്‍ എത്തിയ വിവരം അറിയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. നായയോ പൂച്ചയോ കുഞ്ഞിനെ കടിച്ചുകീറാതിരുന്നത് ഭാഗ്യം.ജില്ലാ ശിശുക്ഷേമ സമിതിക്കാണ് അമ്മത്തൊട്ടിലിന്റെ ചുമതല. പഴയ തൊട്ടില് മാറ്റി നവീന സാങ്കേതിക വിദ്യയോയുള്ള അമ്മത്തൊട്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിനാലാണു കോട്ടയത്തെ തൊട്ടില് നന്നാകാത്തതെന്നാണു വിശദീകരണം.
ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പണം അനുവദിച്ചിട്ടും അലാറാത്തിന്റെ കേടു മാറ്റാനായിട്ടില്ല. മുന്‍പൊക്കെ അലാറം കേടായ ഘട്ടങ്ങളില്‍ ശിശുക്ഷേമസമിതി തിരുവനന്തപുരത്തെ ഓഫിസിലറിയിച്ച് അവിടെനിന്ന് ആളെത്തി നന്നാക്കുകയായിരുന്നു.
കുഞ്ഞിനെ തൊട്ടിലില്‍ കിടത്താന്‍ പടിക്കെട്ടില്‍ കയറിനില്ക്കുമ്പോള് സെന്‍സര്‍ പ്രവര്‍ത്തിക്കുകയും അലാറം മുഴങ്ങുകയുമാണ് ചെയ്യുക. 2009ല്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ഇതുവരെ 38 കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട്. അമ്മത്തൊട്ടില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വരാന്തയില്‍ കുഞ്ഞിനെ കിടത്തിപ്പോയ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.