വാഷിംഗ്ടൺ ഡിസി: ലോകത്തിലെ രണ്ടു വലിയ സാമ്പത്തിക ശക്തികൾക്കിടയിൽ വീണ്ടും വ്യാപാരയുദ്ധത്തിനു കളമൊരുങ്ങി. ന്യായമായ കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈനയ്ക്കെതിരേ 155 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി വൈറ്റ് ഹൗസിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. തന്റെ സർക്കാർ അന്യായമായ വ്യാപാരരീതികൾ വച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
“യുഎസിനോട് ചൈന ബഹുമാനം കാണിക്കുന്നുണ്ടെന്നു ഞാൻ കരുതുന്നു. അവർ തീരുവയിനത്തിൽ അമേരിക്കയ്ക്ക് വലിയ തുക നൽകുന്നുണ്ട്. 55 ശതമാനം തീരുവ നൽകുന്നു. കരാറുണ്ടാക്കിയില്ലെങ്കിൽ നവംബർ ഒന്നു മുതൽ 155 ശതമാനം വരെയായിരിക്കും തീരുവ’- ട്രംപ് പറഞ്ഞു. “നികുതി’ നയതന്ത്ര ആയുധമായി യുഎസ് പ്രസിഡന്റ് കാലങ്ങളായി വിശേഷിപ്പിക്കുന്നുണ്ട്. കഴിഞ്ഞകാലങ്ങളിൽ നിരവധി രാജ്യങ്ങൾ അമേരിക്കയെ മുതലെടത്തു. എന്നാൽ ഇനി മുതലെടുപ്പു നടത്താൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളും വ്യാപാരതർക്കം തുടരുന്നതിനിടെ അമേരിക്കൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകരം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് ചൈന ഇറക്കുമതി വർധിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം. നിലവിൽ ചൈനയിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കള്ള 55 ശതമാനം തീരുവയ്ക്കു പുറമെയാവും പുതിയ തീരുവകൾ.