വാഷിംഗ്ടൺ ഡിസി: ഏഷ്യാ പര്യടനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മലേഷ്യയിലേക്കു യാത്രയാരംഭിച്ച ട്രംപ് വിമാനത്തിൽ മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറയുകയായിരുന്നു.
അഞ്ചു ദിവസം നീളുന്ന ട്രംപിന്റെ പര്യടനത്തിൽ ജപ്പാനും ദക്ഷിണകൊറിയയും ഉൾപ്പെടുന്നു. ഇന്ന് അദ്ദേഹം മലേഷ്യയിലെ ക്വാലാലംപുരിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കും.
ഒന്നാം ഭരണകാലത്ത് ട്രംപ് മൂന്നുവട്ടം കിമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരകൊറിയ അണ്വായുധം കൈവെടിയണമെന്ന ആവശ്യം അമേരിക്ക ഉപേക്ഷിച്ചാൽ ട്രംപുമായി വീണ്ടും കൂടിക്കാഴ്ചയ്ക്കു തയാറാണെന്ന് കിം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

