തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് 2024 ല്‍ പുറത്തിറക്കിയ ഉത്തരവിലും ചെമ്പ് പാളിയെന്നു രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ഇറക്കിയ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്.
ചെമ്പ് പാളികള്‍ മെയിന്റനന്‍സിന് നല്‍കാമെന്നാണു രേഖപ്പെടുത്തി ഉത്തരവിറക്കിയിരുന്നത്. ദേവസ്വം സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 2019 ല്‍ ദേവസ്വം ഓഫീസറായിരുന്ന മുരാരി ബാബുവാണ് ആദ്യമായി സ്വര്‍ണത്തില്‍ പൊതിഞ്ഞ പാളികളെ ചെമ്പാണെന്നു രേഖപ്പെടുത്തി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാനായി കൊടുത്തുവിട്ടത്.
തുടര്‍ന്നുള്ള രേഖകളിലും ചെമ്പാണെന്ന് രേഖപ്പെടുത്തിയ 2024 ലെ ഉത്തരവിലും ആവര്‍ത്തിക്കുന്നു. 2019 ലെ കള്ളം മൂടി വയ്ക്കാന്‍ 2025 ലും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നു ശ്രമിച്ചെന്ന് നേരത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

