ചാത്തന്നൂർ: ദേശീയപാത – 66 ൽ കേരളത്തിൽ വിശദമായ പദ്ധതിരേഖയിൽ 15 തവണ മാറ്റം വരുത്തേണ്ടി വന്നു. റോഡ് നിർമാണം തുടങ്ങിയ ശേഷമാണ് മാറ്റങ്ങൾ വരുത്തേണ്ടിവന്നത്. യാതൊരു പഠനവും നടത്താതെ തട്ടിക്കൂട്ടിയ അശാസ്ത്രീയമായ വിശദമായ പദ്ധതിരേഖ വച്ചാണ് റോഡ് നിർമാണം നടത്തുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് നിർമാണം തുടങ്ങിയ ശേഷം വരുത്തിയ മാറ്റങ്ങൾ.
റോഡ് കൺവർഷൻ, വിഒപി, എൽവിയുപി, എസ് വിയുപി എന്നിവയുടെ നിർമാണം തുടങ്ങിയവയാണ് വിശദമായ പദ്ധതിരേഖയിൽ നിന്നും അധികമായി ചെയ്യേണ്ടി വന്നത്. സ്ഥലങ്ങളുടെ പ്രത്യേകതയോ പ്രദേശങ്ങളുടെ പ്രാധാന്യമോ മനസിലാക്കാതെ, സംസ്ഥാന പാതകളിലേക്കുള്ള വഴികൾ പോലും അടച്ചു കൊണ്ടുള്ള നിർമാണ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും രാഷ്്ട്രീയ സമ്മർദങ്ങളും കൊണ്ടാണ് ഡിപിആറിൽ 15 തവണ മാറ്റം വരുത്തേണ്ടി വന്നത്.
ദേശീയപാതവികസനത്തിന്റെ ഭാഗമായി കേരളത്തിൽ കൂടുതൽ അണ്ടർപാസുകളും സ്മാൾ വെഹിക്കുലാർ അണ്ടർപാസുകളും (എസ് വി യു പി )നിർമ്മിക്കാൻ അനുമതി നൽകിയതായും വിശദമായ പദ്ധതി റിപ്പോർട്ടിൽ (ഡി പിആർ) ഉൾപ്പെടാത്ത 15 അധിക നിർമാണങ്ങളുടെയും വിശദാംശങ്ങൾ ദേശീയപാത അഥോറിറ്റി കൊച്ചി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് (പി ഐയു)പി. പ്രവീൺ കുമാർ വിവരാവകാശ ചോദ്യത്തിനു മറുപടിയായി പുറത്തുവിട്ടു.
ചാത്തന്നൂർ സ്വദേശിനി ജസിയയ്ക്ക് നല്കിയ മറുപടിയിലാണ് ഈ വിവരങ്ങൾ.എൻഎച്ച് 66ന്റെ രാമനാട്ടുകര മുതൽ കൊടുങ്ങല്ലൂർ വരെയുള്ള നാല് റീച്ചുകളിലാണ് മൊത്തം 15 അധിക അണ്ടർപാസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.രാമനാട്ടുകര – വളാഞ്ചേരി റീച്ചിൽ 8 അധിക നിർമാണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ കി.മീ. 266+680-ലെ വിഒപി (വെഹിക്കുലാർ ഓവർപാസ്) 2024 ജനുവരി 25-ന് അനുമതി നൽകി പൂർത്തിയാക്കി.
വളാഞ്ചേരി – കാപ്പിരിക്കാട് റീച്ചിൽ പൊന്നാനിയിലെ ഒരു ബോക്സ്/എസ് വിയുപിക്ക് 2024 ഡിസംബറിൽ അനുമതി നൽകുകയും അത് പൂർത്തിയാക്കുകയും ചെയ്തു.കാപ്പിരിക്കാട് – തളിക്കുളം റീച്ചിലെ കി.മീ. 365+820, 365+150 എന്നിവിടങ്ങളിലെ രണ്ട് എസ് വിയുപികൾ നിർമ്മാണത്തിലാണ് .
തളിക്കുളം-കൊടുങ്ങല്ലൂർ റീച്ചിൽ കി.മീ. 371+435, (മൂന്നുപീടിക )കി.മീ. 384+500 എന്നിവിടങ്ങളിലെ രണ്ട് എസ് വിയുപികൾക്കും 2023 ഓഗസ്റ്റ് 11-ന് അനുമതി നൽകുകയും അവയുടെ നിർമാണം പുരോഗമിക്കുകയും ചെയ്യുന്നു.ഇനിയും ഡി പി ആറിൽ മാറ്റം വരുത്തേണ്ട സ്ഥിതിയാണ്.
അശാസ്ത്രീയ നിർമാണത്തിനെതിരേ പല സ്ഥലങ്ങളിലും ഇപ്പോഴും ശക്തമായ പ്രക്ഷോഭ സമരങ്ങൾ നടന്നുവരികയാണ്. കൊല്ലം ജില്ലയിലെ രണ്ട് നിർമാണങ്ങൾക്കുള്ള പദ്ധതി തയാറാക്കി ദേശീയപാത തിരുവനന്തപുരം റീജണൽ പ്രോജക്ട് ഓഫീസർ ദേശീയപാത അഥോറിറ്റിക്ക് പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്.
- പ്രദീപ് ചാത്തന്നൂർ

