പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായ നടപടിക്രമങ്ങള്‍ പൂര്ത്തീകരിച്ചുവരവേ സീറ്റു ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവുമായി രാഷ്ട്രീയ കക്ഷികള്‍. പ്രാദേശികതലത്തില്‍ ധാരണകള്‍ രൂപപ്പെടുത്തിയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചും തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് മുന്നണികള്‍.
ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ മാത്രമാണ് പലയിടങ്ങളിലും ഇനി ബാക്കിയുള്ളത്. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച പലരും വോട്ടുതേടലും തുടങ്ങി.ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം തേടി നിരവധിയാളുകള്‍ രംഗത്ത് എത്തുകയും ചെയ്തു.
മുന്നണികളുടെ സീറ്റിനുവേണ്ടിയുള്ള ശ്രമം പരാജയപ്പെട്ടാല്‍ സ്വതന്ത്രരായി രംഗപ്രവേശം ചെയ്യാനും പലരും തയാറെടുക്കുകയാണ്.ത്രിതല പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്ത് കഴിഞ്ഞാല്‍ ഗ്രാമവാര്ഡുകളോടാണ് പലര്‍ക്കും താത്പര്യം. ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ ഏറെയും സംവരണ പട്ടികയിലായതിനാല്‍ മത്സരരംഗത്ത് വരണമെന്നാഗ്രഹിച്ച നേതാക്കള്‍ പലരും പിന്‍വാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളോട് അത്രകണ്ട് താത്പര്യവുമില്ല. പ്രമുഖ കക്ഷികളുടെ ജില്ലാ നേതാക്കളില്‍ പലരും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചേക്കുമെന്നാണു സൂചന. അധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാല്‍ വനിതാ നേതാക്കളും രംഗത്തുണ്ട്.

