ന്യൂഡൽഹി: ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങൾക്ക് വനിതാ പ്രീമിയർ ലീഗ് ട്വന്റി20യിലും (ഡബ്ല്യുപിഎൽ) പ്രതിഫല തുകയില്‍ കുതിപ്പ്. മൂന്ന് സീസണിൽ രണ്ട് തവണയും കിരീടം ചൂടിയ മുംബൈ ഇന്ത്യൻസ് ബംഗളൂരുവിന് സമാനമായി കോർ താരങ്ങളെ നിലനിർത്തിയപ്പോള്‍ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (മുംബൈ ഇന്ത്യൻസ് 2.5 കോടി), വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന (റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 3.5 കോടി), റിച്ച ഘോഷ് (ബംഗളൂരു 2.75 കോടി), ജമീമ റോഡ്രീഗസ് (ഡൽഹി ക്യാപിറ്റൽസ് 2.2 കോടി), ഷെഫാലി വർമ (ഡൽഹി 2.2 കോടി) എന്നിവരെ അതതു ഫ്രാഞ്ചൈസികൾ ടീമിൽ നിലനിർത്തി.
അതേസമയം ഏകദിന ലോകകപ്പിലെ ടോപ് സ്കോറർ ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവർട്ടിനെയും (ഗുജറാത്ത് ജയന്റ്സ്), പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ദീപ്തി ശർമയെയും (യുപി വാരിയേഴ്സ്) ടീമുകൾ നിലനിർത്തിയില്ല. സ്മൃതി മന്ദാന, നാറ്റ്സിവർ ബ്രെന്റ് (മുംബൈ), ആഷ്ലി ഗാർഡ്നർ (ഗുജറാത്ത്) എന്നിവർക്കാണ് ഉയർന്ന പ്രതിഫലമായ 3.5 കോടി രൂപ ലഭിച്ചത്. 27ന് ഡൽഹിയിൽ നടക്കുന്ന ഡബ്ല്യുപിഎൽ താരലേലത്തിനു മുന്‍പായി ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടികയും അവരുടെ പ്രതിഫലവുമാണ് പുറത്തുവിട്ടത്.
റൈറ്റ് ടു മാച്ച് ഓപ്ഷൻ
ഡബ്ല്യുപിഎൽ റിട്ടെൻഷൻ നിയമങ്ങളനുസരിച്ച് ഒരു ടീമിന് പരമാവധി നിലനിർത്താൻ കഴിയുന്നത് മൂന്ന് ക്യാപ്ഡ് ഇന്ത്യൻ താരങ്ങൾ, രണ്ട് വിദേശ താരങ്ങൾ, പരമാവധി രണ്ട് അണ്‍ക്യാപ്ഡ് ഇന്ത്യൻ താരങ്ങൾ. അഞ്ച് താരങ്ങളെ ഒരു ടീമിന് നിലനിർത്തണമെങ്കിൽ അതിൽ ഒരാൾ നിർബന്ധമായും ഒരു അണ്‍ക്യാപ്ഡ് ഇന്ത്യൻ താരമായിരിക്കണം. ഐപിഎല്ലിന് സമാനമായി റൈറ്റ് ടു മാച്ച് ഓപ്ഷനുമുണ്ട് ഇത്തവണ.
യുപി വാരിയേഴ്സ്
അപ്രതീക്ഷിതമായ മാറ്റങ്ങൾക്ക് തയാറായത് യുപി വാരിയേഴ്സാണ്. നിലനിർത്തിയത് ശ്വേത സെഹ്റാവത്തിനെ മാത്രം. റിലീസ് ചെയ്തവരിൽ ലോകകപ്പിലെ താരമായ ദീപ്തി ശർമ, ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസെ ഹീലി, സോഫി എക്ലസ്റ്റോണ്‍, തഹ്ലിയ മഗ്രാത്ത്, അലന കിങ്, ക്രാന്തി ഗൗഡ്, ചിനലെ ഹെൻറി എന്നിവർ. ചെലവഴിക്കാൻ ബാക്കിയുള്ളത് 14.50 കോടി രൂപ. ചാന്പ്യൻഷിപ്പ് നേടാൻ അനുയോജ്യമായ ടീമിനെ ഒരുക്കുകയെന്നതാണ് അടിമുടി അഴിച്ചുപണിയാനുള്ള യുപിയുടെ നീക്കത്തിന് പിന്നിൽ.
ഗുജറാത്ത്
ഏറ്റവും കുറവ് താരങ്ങളെ നിലനിർത്തിയ മറ്റൊരു ടീം ഗുജറാത്ത് ജയന്റ്സാണ്. ഓസ്ട്രേലിയൻ താരങ്ങളായ അഷ്ലി ഗാർഡനറിനെയും ബെത്ത് മൂണിയെയും മാത്രമാണ് ഒപ്പം കൂട്ടിയത്. ഗാർഡനർക്ക് 3.5 കോടിയും മൂണിക്ക് 2.5 കോടിയും. അവശേഷിക്കുന്ന തുക 9 കോടി രൂപയാണ്. വിട്ടുകളഞ്ഞ പ്രമുഖർ ഏകദിന ലോകകപ്പിലെ റണ്‍വേട്ടയിൽ മുന്നിലെത്തിയ ലോറ വോൾവാർട്ട്, ഹർളീൻ ഡിയോൾ, ഓസ്ട്രേലിയൻ യുവതാരം ഫീബി ലിച്ച്ഫീൽഡ്, ഡോട്ടിൻ എന്നിവര്‍.
ലാന്നിംഗിനെ കൈവിട്ട് ഡൽഹി
മൂന്ന് സീസണുകളിലും തങ്ങളെ ഫൈനലിലേക്ക് നയിച്ച മെഗ് ലാന്നിംഗിനെ ഡൽഹി കൈവിട്ടു. ജമീമ റോഡ്രിഗ്സ്, ഷഫാലി വെർമ, ഓസീസ് പേസർ അനബൽ സതർലൻഡ്, ദക്ഷിണാഫ്രിക്കൻ താരം മരിസാൻ കാപ്പ്, നിക്കി പ്രസാദ് എന്നിവരെയാണ് നിലനിർത്തിയത്. 5.7 കോടി രൂപ ചെലവഴിക്കാൻ ഡൽഹിക്ക് ബാക്കിയുള്ളത്. മെഗിന് പുറമെ ശ്രീചരണി, രാധാ യാദവ്, അരുന്ധതി റെഡ്ഢി, മലയാളി താരം മിന്നു മണി തുടങ്ങിയ താരങ്ങളാണ് റിലീസ് ചെയ്യപ്പെട്ട പ്രമുഖർ.
കോർ ടീമുമായി ബംഗളൂരു
കോർ ടീമിനെ നിലനിർത്തിയാണ് മുൻ ചാന്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പുതുസീസണിന് ഒരുങ്ങുന്നത്. 3.5 കോടി രൂപയ്ക്ക് സ്മൃതി മന്ദാനയെ നിലനിർത്തിയപ്പോൾ, എലീസ് പെറി, റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ എന്നിവർ പുതുസീസണിലും റെഡ് ആൻഡ് ബ്ലാക്കിലെത്തും. 6.15 കോടിയാണ് ചെലവഴിക്കാൻ ബാക്കിയുള്ളത്. രേണുക സിംഗ്, അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ സോഫി ഡിവൈൻ, ഓസീസ് താരം സോഫി മോളിന്യു, ഇംഗ്ലീഷ് താരം ഡാനി വ്യാട്ട്, മലയാളി താരം ആശാ ശോഭന തുടങ്ങിയവരെ റിലീസ് ചെയ്തു.
വമ്പന്മാരെ നിലനിര്‍ത്തി മുംബൈ
മൂന്ന് സീസണിൽ രണ്ട് തവണയും കിരീടം ചൂടിയ മുംബൈയും ബംഗളൂരുവിന് സമാനമായി കോർ താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് താരം നാറ്റ് സീവർ ബ്രന്റിനെ 3.5 കോടിയ്ക്ക് മുംബൈ നിലനിര്‍ത്തി. ഹർമന് 2.2 കോടിയും. വിൻഡീസ് താരം ഹീലി മാത്യൂസ്, അമൻജോത് കൗർ, ജി. കമലീനി എന്നിവരാണ് നിലനിർത്തിയ മറ്റുള്ളവർ. ന്യൂസിലൻഡ് ഓൾ റൗണ്ടർ അമേലി കേർ, ദക്ഷിണാഫ്രിക്കൻ താരം നദീൻ ഡി ക്ലെർക്ക്, ക്ലോയ് ട്രിയോണ്‍, ശബ്നിം ഇസ്മയിൽ എന്നിവരെ റിലീസ് ചെയ്തു. മലയാളി താരം സഞ്ജന സജീവനെയും മുംബൈ നിലനിർത്തിയിട്ടില്ല.

