കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ,സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങി സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവരാണ് തങ്ങളുടെ ഫോട്ടോയും പോസ്റ്ററുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയത്. വാട്സ് ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലാണ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും റീലുകളും വൈറലാകുന്നത്.
പുതിയ കാലഘട്ടത്തില്‍ ആളുകള്‍ ഏറെനേരം ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഇതാണ് വീടുകയറിയുള്ള പ്രചാരണത്തേക്കാള്‍ നേട്ടം. അതിനാൽ സ്ഥാനാര്‍ഥികളും മുന്നണികളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ സോഷ്യല്‍ മീഡിയ നിര്‍ണായക പങ്ക് വഹിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
ചെലവില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ആശയങ്ങള്‍ ലക്ഷങ്ങളിലേക്കെത്തിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ കഴിയുമെന്നതും നേട്ടമാണ്. മുന്‍കാലങ്ങളില്‍ ഒരു വാര്‍ഡില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥി ആദ്യറൗണ്ടില്‍ വീടുകള്‍ തോറും കയറിയിറങ്ങി കാര്യമറിയിക്കും. പിന്നീടാണ് വോട്ടഭ്യര്‍ഥിച്ചു പര്യടനം.
ഓരോ വീടും കയറിയിറങ്ങി മണിക്കൂറുകള്‍ നഷ്ടപ്പെടുകയും ചെയ്യും. സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ സെക്കൻഡുകള്‍ക്കുള്ളില്‍ തങ്ങളുടെ പോസ്റ്റര്‍ വാര്‍ഡിലെ മുഴുവന്‍ വോട്ടര്‍മാരിലും എത്തിക്കാന്‍ സാധിക്കുമെന്നതാണ് സ്ഥാനാര്‍ഥികള്‍ നേട്ടമായി കണക്കാക്കുന്നത്. വിവിധ പാര്‍ട്ടികളുടെ സൈബര്‍ ഗ്രൂപ്പുകളും സജീവമാണ്.

