തലയോലപ്പറമ്പ്: നവവധുവിനെ വിവാഹപ്പിറ്റേന്ന് സ്വന്തം വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളൂർ കരിപ്പാടം പുറത്തേപ്പറമ്പിൽ (വാഴക്കാലയിൽ ) രാജന്റെ മകൾ അനുപ്രിയ(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വടയാർ കിഴക്കേക്കര സ്വദേശിയായ യുവാവുമായി കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ വിവാഹം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
മുന്പ് പ്രദേശവാസിയായ യുവാവിനെ കല്യാണം കഴിച്ച യുവതി ഒരു വർഷം മുമ്പ് ഈ ബന്ധം വേർപെടുത്തിയിരുന്നു. പിന്നീട് ബന്ധുക്കൾ വടയാർ കോരിക്കൽ സ്വദേശിയുമായി കഴിഞ്ഞ എട്ടിന് വിവാഹം നടത്തി.
വിവാഹം നടന്ന ദിവസം തന്നെ വരന് പ്രായംകൂടിയെന്ന് ആരോപിച്ച് കലഹിച്ച യുവതി സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു.ഇതിനിടയിൽ യുവതി വിവാഹമോചനം നേടിയ യുവാവിനെ വിളിച്ചതായും ഇയാൾ യുവതിയെ തിരിച്ചുവിളിച്ചതായും അഭ്യൂഹമുണ്ട്.
ഇക്കാര്യം പരിശോധിച്ച് വ്യക്തത വരുത്തി തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. യുവതി മുമ്പ് മനോനില തെറ്റിയതിന് ചികിത്സയ്ക്ക് വിധേയയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

