തിരുവനന്തപുരം: ഡല്‍ഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനയും പോലീസ് വിന്യാസവും ശക്തമാക്കി. സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഉള്പ്പെടെയുള്ളിടത്താണ് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പോലീസ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവള പരിസരം, തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്, കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്, തമ്പാനൂര്‍ ബസ് ഡിപ്പോ, കിഴക്കേകോട്ട ബസ് ഡിപ്പോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന തുടങ്ങിയത്.
യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ സ്കാനര്‍ ഉള്‍പ്പെടെയുളള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്.സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് മേധാവിമാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ പരിശോധന പുരോഗമിക്കുന്നത്.
സംശയാസ്പദമായി നിലയിൽ വ്യക്തികളെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഗേജുകളും കാണപ്പെട്ടാല്‍ ജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍പിഎഫ്, സായുധ പോലീസ് ഉള്‍പ്പെടെ പരിശോധന സംഘത്തിലുണ്ട്.

