അഹമ്മദാബാദ്: ശരിയായ ദാമ്പത്യ ജീവിതത്തിന് വിലങ്ങുതടിയായി തെരുവുനായ്ക്കൾ. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അഹമ്മദാബാദ് സ്വദേശിയായ 41കാരനാണ് വിവാഹമോചനം ആവശ്യപ്പെട്ടത്.
തെരുവ് നായ്ക്കളോടുളള ഭാര്യയുടെ സ്നേഹം കാരണം തനിക്ക് അവഹേളനമുണ്ടായെന്നും ഇത് സമ്മർദത്തിലേക്കും പിന്നീട് ഉദ്ധാരണക്കുറവിലേക്കും വഴിതെളിച്ചെന്നും വിവാഹമോചന ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി.
2006ലാണ് ദമ്പതികൾ വിവാഹിതരായത്. ഭാര്യ ഒരു തെരുവു നായയെ അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു. പിന്നീട് കൂടുതൽ തെരുവു നായകളെ ഭാര്യ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു.
പിന്നാലെ പാചകം ചെയ്യാനും നായ്ക്കളെ വൃത്തിയാക്കാനും അവയെ പരിപാലിക്കാനും ഭാര്യ ഭർത്താവിനെ നിർബന്ധിച്ചു. കിടക്കയിൽ ഉറങ്ങുന്നതിനിടെ ഒരു നായ തന്നെ കടിച്ചുവെന്നും നായ്ക്കള്‍ കാരണം അയൽക്കാർ തങ്ങൾക്കെതിരെ തിരിഞ്ഞുവെന്നും ഭർത്താവ് പറയുന്നു.
ഭാര്യ തന്നെ ഉപദ്രവിക്കുന്നത് തുടർന്നതോടെ 2017ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു. 2024 ഫെബ്രുവരിയിൽ കുടുംബ കോടതി ഹർജി തള്ളിക്കളഞ്ഞു, എന്നാൽ വിവാഹബന്ധം വീണ്ടെടുക്കാനാകാത്തവിധം തകർന്നുവെന്നും 15 ലക്ഷം രൂപ ജീവനാംശം നൽകണമെന്നും കാണിച്ച് ഭർത്താവ് അപ്പീൽ നൽകുകയായിരുന്നു

