ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വഴി കൊച്ചുവേളിക്കു പോകുന്ന 22113 നമ്പർ ട്രെയിനിന്റെ ജനറൽ കോച്ചിൽ ആളില്ലാത്ത നിലയിൽ കണ്ടെത്തിയ ബാഗിൽനിന്ന് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ 6.5 ലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎയും (മെഥിലിൻഡിയോക്സി മെഥാംഫെറ്റാമൈൻ) കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള ജനറൽ കോച്ചിൽ സംശയാസ്പദമായ രീതിയിൽ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇവ തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ബാഗിലുണ്ടായിരുന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഭയന്ന ആരെങ്കിലും ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർപിഎഫ് ചെങ്ങന്നൂർ, ചെങ്ങന്നൂർ എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.ആർപിഎഫ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന.
ആർപിഎഫ് ചെങ്ങന്നൂർ ഇൻസ്പെക്ടർ വി.ടി. ദിലീപ്, ക്രൈം ഇന്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ. ജിപിൻ എന്നിവരുടെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവ്, ജോഷി ജോൺ, ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ, ആർ. ഗിരികുമാർ, എസ്.വി. ജോസ്, ജി. വിപിൻ, അബ്ദുൾ റഫീക്ക്, വിജയലക്ഷ്മി എന്നിവരുൾപ്പെട്ട സംഘമാണ് ലഹരി പദാർഥങ്ങൾ പിടിച്ചെടുത്തത്. ലഹരി കടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.

