അങ്കാറ: തുർക്കി സേനയുടെ ചരക്കുവിമാനം തകർന്ന് 20 സൈനികർ മരിച്ചു. ചൊവ്വാഴ്ച അസർബൈജാനിൽനിന്നു തുർക്കിയിലേക്കു പുറപ്പെട്ട സി-130 ഹെർക്കുലീസ് വിമാനം ജോർജിയയിൽ തകർന്നുവീഴുകയായിരുന്നു.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് തുർക്കി അധികൃതർ പറഞ്ഞു. ആകാശത്തുവച്ച് രണ്ടായി ഒടിഞ്ഞ വിമാനം തീപിടിച്ചു നിലംപതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വിമാനം നിർമിച്ച അമേരിക്കയിലെ ലോക്ഹീഡ് മാർട്ടിൻ കന്പനി അന്വേഷണത്തിൽ സഹകരിക്കുമെന്നറിയിച്ചു. ലോകവ്യാപകമായി സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന ചരക്കുവിമാനമാണിത്. അതേസമയം, അപകടത്തിൽപ്പെട്ട വിമാനത്തിന് 57 വർഷം പഴക്കമുണ്ട്.

