പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിലെ വിളക്ക് തെളിക്കും. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷം നിയുക്ത മേല്‍ശാന്തിമാരെ കൈപിടിച്ച് ആദ്യം പടി കയറ്റും.
നിയുക്ത മേല്‍ശാന്തിമാര്‍ ദര്‍ശനം നടത്തി സന്നിധാനത്തു തങ്ങും. ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി ഇ.ഡി. പ്രസാദിന്റെയും മാളികപ്പുറം മേല്‍ശാന്തി മനു നന്പൂതിരിയുടെയും അഭിഷേക ചടങ്ങുകള്‍ സന്ധ്യയോടെ സന്നിധാനത്ത് നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.
തിങ്കളാഴ്ച വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നട തുറക്കുന്നത്.പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി 11വരെയുമായിരിക്കും ദര്‍ശനം. നെയ്യഭിഷേക ചടങ്ങുകളും വൃശ്ചികം ഒന്നു മുതല്‍ ഉണ്ടാകും.ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പുരോഗമിക്കുകയാണ്.
കഴിഞ്ഞദിവസംവരെ 18 ലക്ഷത്തിലധികം പേരാണ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയിരിക്കുന്നത്. ഇതിനൊപ്പം പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിംഗ് കൗണ്ടറുകള്‍ തുറക്കും. ഓണ്‍ലൈനായി 70,000 പേര്‍ക്കും തത്സമയ ബുക്കിംഗ് വഴി 20,000 പേര്‍ക്കുമാണ് പ്രതിദിന ദര്‍ശനം സൗകര്യം.
മണ്ഡലപൂജയുടെ ഭാഗമായി ഡിസംബര്‍ 26ന് വൈകുന്നേരം തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27ന് മണ്ഡലപൂജയ്ക്കു ശേഷം രാത്രി 10ന് നട അടക്കും. മകരവിളക്കിനായി 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. മകരവിളക്ക് ജനുവരി 14നാണ്. തീര്‍ഥാടനത്തിന് സമാപനംകുറിച്ച് 20ന് നട അടക്കും.

