തിരുവനന്തപുരം: കോർപ്പറേഷനിലേക്ക് സ്ഥാനാർഥിയായി മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ വീട്ടിലെത്തി മന്ത്രി വി.ശിവൻകുട്ടി. ആനന്ദിന്റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും സന്ദർശിച്ച മന്ത്രി എല്ലാ പിന്തുണയും ഉറപ്പുനൽകിയശേഷമാണ് മടങ്ങിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവൻകുട്ടി ആർഎസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അനന്തു അജി, തിരുമല അനിൽ, ആനന്ദ് തമ്പി എന്നിവർ ജീവനൊടുക്കിയ സാഹചര്യമടക്കം വിവരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമർശനം.
ബിജെപി, ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
ബിജെപിയുടെ ജീർണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

