തൃപ്പൂണിത്തുറ: എരൂരിലെ വൃദ്ധസദനത്തിലുണ്ടായ പീഡനങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മഞ്ഞുമ്മൽ മാടപ്പാട്ട് റോഡ് പാലക്കാത്ര വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ശാന്ത (71) ആണ് മഞ്ഞുമ്മലിലെ വീട്ടിൽ ഇന്നലെ പുലർച്ചെ 1.30 ഓടെ മരിച്ചത്.
എരൂരിലെ ആർജെ ചാരിറ്റബിൾ ട്രസ്റ്റ് എന്ന വൃദ്ധസദനത്തിൽ നിന്നുണ്ടായ പീഡനങ്ങളെത്തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ശാന്തയെ കഴിഞ്ഞ 12നാണ് ആശുപത്രിയിൽനിന്നു ഡിസ് ചാർജ് ചെയ്തത്.
കിടപ്പിലായിപ്പോയ ശാന്ത സഹോദരിയുടെയും മകളുടെയും സംരക്ഷണയിലിരിക്കേയാണ് മരിച്ചത്. മരണത്തെത്തുടർന്ന് ബന്ധുക്കൾ ഏലൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു.
ഭർത്താവിന്റെ മരണശേഷം സഹോദരിയുടെ സംരക്ഷണയിലായിരുന്ന ശാന്ത വീണതിനെത്തുടർന്ന് കാലിന് പരിക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടായതോടെയാണ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം മെച്ചപ്പെട്ട പരിചരണത്തിനായി വൃദ്ധസദനത്തിലേക്കു മാറിയത്.
ഓഗസ്റ്റ് രണ്ടിന് വൃദ്ധസദനത്തിലെത്തിയ ശാന്തയ്ക്ക് മൂന്നാം ദിവസം മുതൽ പീഡനമായിരുന്നു. അസഭ്യം പറഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. കട്ടിലിൽനിന്ന് നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തതിനെ തുടർന്ന് വാരിയെല്ലിന് പൊട്ടലുമുണ്ടായിരുന്നു. മുഖത്ത് അടി കിട്ടിയിട്ട് ഒരു പല്ല് കൊഴിഞ്ഞുപോയിരുന്നു.
ബന്ധുക്കൾ കാണാനെത്തിയാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് കാണിക്കാറില്ലായിരുന്നു. കഴിഞ്ഞ മാസാവസാനം ശ്വാസതടസം കൂടുതലാണെന്ന് വൃദ്ധസദനത്തിൽനിന്ന് വിളിച്ചറിയിച്ചതോടെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ബന്ധുക്കൾ ശാന്തയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി തനിക്കുണ്ടായ ദുരനുഭവങ്ങൾ ശാന്ത വെളിപ്പെടുത്തുകയായിരുന്നു.
ശാന്തയുടെ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരി രാധയുടെ പേരിൽ ഹിൽപാലസ് പോലീസ് കേസെടുത്തിരുന്നുവെങ്കിലും തുടർ നടപടികളൊന്നുമുണ്ടായതായി അറിവില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
നാല് നഴ്സുമാരും ഒരു ഡോക്ടറും അന്തേവാസികളുടെ പരിചരണത്തിനുണ്ടെന്നു കേട്ടറിഞ്ഞാണ് മഞ്ഞുമ്മലിൽ നിന്ന് ഇവരെ പരിചരണത്തിനായി എരൂരിലെത്തിച്ചത്. മാസം 24,000 രൂപയായിരുന്നു ഫീസ്.
ആദ്യ മാസം അഡ്വാൻസ് 1,000 ഉൾപ്പെടെ 25,000 വും പിന്നീടുള്ള രണ്ട് മാസങ്ങളിൽ 24,000 രൂപയും ഫീസായി നൽകിയെന്നും സഹോദരി സുലോചന പറഞ്ഞിരുന്നു. കാലിനുണ്ടായിരുന്ന ബുദ്ധിമുട്ടൊഴിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്ന ശാന്തയെ തീരെ വയ്യാത്ത അവസ്ഥയിലാണ് എരൂരിൽനിന്ന് ആശുപത്രിയിലെത്തിച്ചത്.

