തിരുവനന്തപുരം: 1956 കാലഘട്ടത്തിൽ വഴുതക്കാട് വിമൻസ് കോളജിന് അടുത്തുള്ള പനവിള റോഡിലെ ഈ ഓടിട്ട വീട്ടിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി താമസിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു അന്നു കെപിസിസി പ്രസിഡന്റ് ആയിരുന്ന എ.പി. ഉദയഭാനു വാടകയ്ക്കു താമസിച്ചിരുന്ന മുളമൂട്ടിൽ ഫിലിപ്പ് ജോസഫിന്റെ വീട്ടിൽ ഇന്ദിര എത്തിയതും താമസിച്ചതും.
സ്വാതന്ത്ര്യസമരസേനായിയും കോണ്ഗ്രസ് നേതാവും പത്രാധിപരും എഴുത്തുകാരനുമായ ഉദയഭാനുവിന്റെ ഭാര്യ ഭാരതി ഉദയഭാനു അന്ന് രാജ്യസഭാംഗവും സാഹിത്യകാരിയുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്ര ചാരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയതായിരുന്നു ഇന്ദിരാഗാന്ധി. ഉദയഭാനുവിനും ഭാരതി ഉദയഭാനുവിനും അഞ്ചു മക്കൾക്കുമൊപ്പം ഒരു കുടുംബാംഗത്തെ പോലെയാണ് അന്ന് ഇന്ദിരാഗാന്ധി മുളമൂട്ടിൽ താമസിച്ചിരുന്നത്. ഇന്ന് നമ്മൾ ഫോട്ടോകളിൽ കാണുന്ന പകുതി നരച്ച ബോബ് ചെയ്ത മുടിയുള്ള പ്രൗഢയായ ഇന്ദിരാഗാന്ധി അല്ല അന്ന്. നീണ്ട തലമുടി മുകളിലേക്ക് ഉയർത്തിക്കെട്ടിയ ചെറുപ്പക്കാരിയായ ഇന്ദിരാഗാന്ധി.
പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും 1950കളിൽതന്നെ ഇന്ദിര ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയമുഖമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കോണ്ഗ്രസിന്റെ താരപ്രചാരകയുമായിരുന്നു. ഉദയഭാനുവിന്റെ വീട്ടിൽ താമസിക്കുന്ന അവസരത്തിൽ പുലർച്ചെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോവുകയും രാത്രി വൈകി എത്തുകയും ആയിരുന്നു പതിവ്. ഉദയഭാനുവിന്റെ കാറിൽ തന്നെയായിരിക്കും മിക്കവാറും യാത്ര. ഉദയഭാനുവും ഭാരതി ഉദയഭാനുവുമാണ് അക്കാലത്ത് ഇന്ദിരാഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നത്.
മുളമൂട്ടിൽ എന്ന വീട്ടിലെ സ്വീകരണ മുറിയിൽ ഉദയഭാനുവും കുടുംബവും യുവതിയായ ഇന്ദിരാഗാന്ധിക്കൊപ്പം നിൽക്കുന്ന വലിയ ഫോട്ടോ ചില്ലിട്ടു വച്ചിരുന്നു. വീട്ടിലെ ഉൗണു മുറയിൽ ഇരുന്ന് ഇന്ദിരാഗാന്ധി ഭക്ഷണം കഴിക്കുന്ന മനോഹരമായ ഒരു ചിത്രവും ഉണ്ടായിരുന്നു. വാടക വീട് ഒഴിഞ്ഞപ്പോൾ പഴയ ഫോട്ടോകൾ നഷ്ടപ്പെട്ടു.
ദീനബന്ധുവിന്റെ പത്രാധിപരായി നിയോഗിക്കപ്പെട്ട എ.പി. ഉദയഭാനു പിന്നീട് എറണാകുളത്തേക്കു താമസം മാറി. പിഎസ്സി അംഗമായി നിയമിക്കപ്പെട്ട ശേഷമാണ് വീണ്ടും തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നത്. അവസാന കാലം കുമാരപുരത്ത് പണിയിച്ച സ്വന്തം വീട്ടിൽ ആയിരുന്നു ഉദയഭാനുവും കുടുംബവും താമസിച്ചിരുന്നത്. അഞ്ചു മക്കളിൽ ഇപ്പോൾ പ്രിയദർശിനി മാത്രമേ ജീവിച്ചിരിപ്പുള്ളൂ.
കാലം മുന്നോട്ടേറെ ഒഴുകിപ്പോയി. ഫിലിപ്പ് ജോസഫിന്റെ പിൻതലമുറ താമസിച്ചിരുന്ന മുളമൂട്ടിൽ വീട്ടിൽ ഇപ്പോൾ താമസക്കാരില്ല. എങ്കിലും വൻകിട ഹോട്ടലുകളും സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പനവിള റോഡിലെ ഈ വീടിന് ഇപ്പോഴും പഴയ പ്രൗഢി. ഇന്ദിരാഗാന്ധിയുടെ ഓർമകൾക്കും…
എസ്. മഞ്ജുളാ ദേവി

