അങ്കമാലി: ബൈക്ക് യാത്രികനെ അടിച്ചു വീഴ്ത്തി സ്വര്‍ണമാലയും പണവും കവര്‍ന്നതായി പരാതി.അങ്കമാലി കവരപ്പറമ്പ് മേനാച്ചേരി വീട്ടില്‍ അന്തോണി മകന് ജോണിയാണ് കവര്‍ച്ചക്ക് ഇരയായത്.
ഇന്നലെ രാത്രി 9.30 ഓടെ എംസി റോഡില്‍ വേങ്ങൂര്‍ മില്ലുംപടിയിലാണ്് സംഭവം. തടിക്കച്ചവടക്കാരനായ ജോണി വീട്ടിലേക്ക് മടങ്ങവെ പുറകില്‍ നിന്നു ബൈക്കിലെത്തിയവരാണ് കവര്‍ച്ച നടത്തിയത്.കഴുത്തില്‍ അണിഞ്ഞിരുന്ന നാല് പവന് തൂക്കമുള്ള സ്വര്‍ണമാലയും 27,000 രൂപയടങ്ങിയ പേഴ്സും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
തലക്കടിയേറ്റ ജോണി താഴെ വീണു കിടക്കുന്നതിന്നിടെ കവര്‍ച്ച നടത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ജോണി അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

