കടുത്തുരുത്തി: ദമ്പതികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മത്സരരംഗത്ത്. പെരുവ അവര്‍മ പുന്നയ്ക്കല്‍ സന്തോഷും ഭാര്യ ശ്രീലക്ഷ്മി സന്തോഷും സന്തോഷിന്റെ സഹോദരി സരിത ഉണ്ണികൃഷ്ണനുമാണു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്.
സന്തോഷും ഭാര്യയും മുളക്കുളം പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലും സരിത ഞീഴൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലുമാണു മത്സരിക്കുന്നത്. മൂന്നുപേരും ബിജെപി പ്രതിനിധികളായിട്ടാണു മത്സരരംഗത്തുള്ളത്.
ശ്രീലക്ഷ്മി സന്തോഷ് ജനറല്‍ വാര്‍ഡായ ആറാം വാര്‍ഡില്‍നിന്ന് രണ്ടാം തവണയാണ് മത്സരിക്കുന്നത്. 2020 ലെ തെരഞ്ഞെടുപ്പിലും ശ്രീലക്ഷ്മി ഇവിടെ സ്ഥാനാര്‍ഥിയായിരുന്നു. സന്തോഷ് അഞ്ചാം വാര്‍ഡില്‍നിന്നാണ് ജനവിധി തേടുന്നത്. സമീപ പഞ്ചായത്തായ ഞീഴൂരിലാണ് സന്തോഷിന്റെ സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത്.
അവിടെ രണ്ടാം വാര്‍ഡില്‍നിന്നാണ് ബിജെപി സ്ഥാനാര്‍ഥിയായി കഴിഞ്ഞദിവസം സരിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സന്തോഷ് ബിജെപി മൂളക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോള്‍ കുറവിലങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയംഗവുമാണ്.
ശ്രീലക്ഷ്മി മഹിളാമോര്‍ച്ച മുളക്കുളം പഞ്ചായത്ത് സെക്രട്ടറിയാണ്. ഇരുവരും യന്ത്രം ഉപയോഗിച്ച് പുല്ല് വെട്ടി നല്കുന്ന ജോലി ചെയ്യുന്നവരാണ്. സരിത ഉണ്ണികൃഷ്ണന് വീട്ടമ്മയാണ്. ബിജെപിയുടെ മറ്റു സ്ഥാനാര്ഥികളേടൊപ്പം സന്തോഷും ശ്രീലക്ഷ്മിയും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും.

