ന്യൂഡൽഹി: കരസേനയ്ക്കെതിരേയുള്ള പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികളുടെ സ്റ്റേ ഡിസംബർ നാലുവരെ സുപ്രീംകോടതി നീട്ടി. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കാനാവശ്യപ്പെട്ടുള്ള ഒരു കത്ത് പ്രചരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ വാദം കേൾക്കൽ കോടതി മാറ്റിവച്ചത്.
ഇതോടെ ക്രിമിനൽ വിചാരണയിൽനിന്നുള്ള ഇടക്കാല സംരക്ഷണം അടുത്ത മാസം വരെ രാഹുലിനു ലഭിക്കും. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ 2022ലെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ നടത്തിയ പരാമർശങ്ങളാണു കേസിനാധാരം. രാഹുലിന്റെ പരാമർശങ്ങൾ കരസേനയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
വിഷയത്തിൽ അപകീർത്തിപ്പെടുത്തൽ കുറ്റത്തിനു വിചാരണ നേരിടാൻ രാഹുലിന് ലക്നോയിലെ വിചാരണക്കോടതി സമൻസ് അയച്ചിരുന്നു. ഈ സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും രാഹുൽ ലക്നോയിലെ താമസക്കാരനല്ലെന്നും സമൻസ് അയയ്ക്കുന്നതിനുമുന്പ് വിചാരണക്കോടതി ആദ്യം പരാതി സ്ഥിരീകരിച്ചിരിക്കണമെന്നുമാണ് സമൻസിനെതിരേ രാഹുൽ വാദിക്കുന്നത്.
സ്വന്തം ലേഖകൻ

