ബംഗളൂരു: ബംഗളൂരു നഗരത്തിൽനിന്ന് ഏഴ് കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ട കാറുകളിലൊന്ന് കണ്ടെത്തി. തിരുപ്പതിയിൽ നിന്നാണ് ഇന്നോവ കാർ ഉപക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചത്. ഗ്രേ കളർ ഇന്നോവ കാറാണ് കണ്ടെത്തിയത്. എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന ഏഴ് കോടി രൂപ ഏഴ് മിനിറ്റ് കൊണ്ടാണ് പ്രതികൾ കഴിഞ്ഞ ദിവസം കൊള്ളയടിച്ചത്.
എന്നാൽ പ്രതികളെ കുറിച്ചുള്ള സൂചനകളൊന്നും പോലീസിന് ഇതുവരെയും ലഭിച്ചില്ല. എച്ച്ഡിഎഫ്സി ബാങ്കിന്റെ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണമാണ് കൊള്ളയടിച്ചത്. കവർച്ച നടന്ന് ഒന്നര ദിവസമാകുമ്പോഴും ഇരുട്ടിൽ തപ്പുകയാണ് പോലീസ്.
തിരുപ്പതിയിൽ ഹോട്ടലുകളിൽ ഉടനീളം പോലീസ് തെരച്ചിൽ നടത്തുകയാണ്. പണവുമായി പോയ വാനിന്റെ ഡ്രൈവറെയും സുരക്ഷാ ജീവനക്കാരെയും സിഎംഎസിലെ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല. ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തിട്ടും ഒരേ മൊഴിയാണ് ഇവരിൽനിന്ന് ലഭിക്കുന്നതെങ്കിലും ആർക്കും പോലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല.
പണം കൊണ്ടുപോകുന്ന വിവരം ആരോ ചോർത്തി നൽകിയിട്ടുണ്ടെന്ന വിശ്വാസത്തിൽ തന്നെയാണ് പോലീസ്. വാനിനകത്തെ ഡിവിആർ മോഷ്ടാക്കൾ കൊണ്ടുപോയത് ആസൂത്രിത നീക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അപരിചിതർ വാഹനം തടയുന്ന സമയത്ത് പണം സൂക്ഷിച്ചിരുന്ന ലോക്കറുകൾ പൂട്ടാൻ ശ്രമിക്കാതിരുന്നതും വാഹനത്തിലെ സൈറൺ പ്രവർത്തിപ്പിക്കാത്തതിനും ഉത്തരം കണ്ടെത്താൻ പോലീസിനായിട്ടില്ല.

