മനില: ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തിയെന്നാരോപിക്കപ്പെടുന്ന ഫിലിപ്പീൻസിലെ മുൻ മേയർ ആലിസ് ഗുവോയ്ക്ക് (35) മനുഷ്യക്കടത്തു കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ.
ഇവർ മേയറായിരുന്ന ബാംബാൻ എന്ന ചെറുപട്ടണത്തിൽ നടത്തിയിരുന്ന ഓൺലൈൻ തട്ടിപ്പുകേന്ദ്രത്തിൽനിന്ന് ഫിലിപ്പീനികളും വിദേശികളുമായ 800 പേരെ പോലീസ് മോചിപ്പിച്ചിരുന്നു. ഹണിട്രാപ്പ് പോലുള്ള നിക്ഷേപ തട്ടിപ്പുകളാണ് ഇവിടെ നടത്തിയിരുന്നതെന്ന് മോചിതരായവർ പറഞ്ഞു.
മനിലയ്ക്കു വടക്കുള്ള ബാംബാൻ പട്ടണത്തിന്റെ മേയറായി 2022ൽ തെരഞ്ഞെടുക്കപ്പെട്ട ആലിസിനെ കഴിഞ്ഞ വർഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മേയറുടെ ഓഫീസിനു സമീപം എട്ടു ഹെക്ടർ ഭൂമിയിൽ 36 ഓഫീസുകളിലാണ് തട്ടിപ്പുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഓൺലൈൻ ചൂതാട്ടകേന്ദ്രത്തിന്റെ മറവിലായിരുന്നു ഇവയുടെ പ്രവർത്തനം.
വിശദമായ അന്വേഷണത്തിൽ ആലിസ് ഫിലിപ്പീൻസിലല്ല ജനിച്ചതെന്നും ചൈനയിൽനിന്ന് കുടിയേറിയതാണെന്നും കണ്ടെത്തി. ചൈനയ്ക്കുവേണ്ടി ചാരപ്പണി ചെയ്തതായും സംശയമുണർന്നു. ആലിസിനെതിരേ പണം വെളുപ്പിക്കൽ അടക്കം മറ്റു കേസുകളും നിലവിലുണ്ട്.

