പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തിയതായി സൂചന.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെ ആറന്മുളയിലെത്തിയ ഏഴംഗ സംഘം പത്ത് മണിക്കൂറുകളോളം വീട്ടിൽ തെരച്ചിൽ നടത്തി. ലാപ്ടോപ്പ്, സാമ്പത്തിക രേഖകൾ, ഫോൺ എന്നിവ പരിശോധിച്ചതായാണു വിവരം. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. പദ്മകുമാറിന്റെ ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്.
രണ്ട് പോലീസ് ജീപ്പുകളിലായി എത്തിയ അന്വേഷണസംഘം വാഹനം ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയ്ക്കു സമീപം പാർക്ക് ചെയ്ത ശേഷം ഇതിനു സമീപത്തുള്ള പത്മകുമാറിന്റെ വീടായ കീച്ചംപറമ്പിലേക്കു നടന്നാണു കയറിയത്. മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചതോടെ വീടിന്റെ ഗേറ്റും വാതിലും പോലീസ് അടച്ചു.
പത്മകുമാറിനെ അടുത്ത ആഴ്ച പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അടുത്ത ആഴ്ച കസ്റ്റഡിയില്‍ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. പത്മകുമാറിനെയും മുന്‍ ദേവസ്വം കമ്മീഷണര്‍ വാസു, മുരാരി ബാബു എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
ഇവര്‍ മൂവരും റിമാന്‍ഡിലാണ്. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ ചെമ്പു പാളിയെന്ന് മിനിട്ട്സില്‍ രേഖപ്പെടുത്തിയത് പത്മകുമാറാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
സര്‍ക്കാരിന് ഉണ്ണികൃഷ്ണന് പോറ്റി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നും അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന് പോറ്റി നല്കിയ കത്ത് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയെന്നും സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമാണ് പ്രവര്‍ത്തിച്ചതെന്നുമാണ് പത്മകുമാറിന്റെ വാദം.

