ചാത്തന്നൂർ: തിരുവിതാംകൂർ ദേവസം ബോർഡിൽ ആദ്യമായി അഴിമതി ആരോപണം ഉയർന്നത് ദേവസ്വം ബോർഡ് അംഗമായിരുന്ന മുൻ എംഎൽഎ അഡ്വ. ആർ.ഗോവിന്ദനെതിരെ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വിശ്വസ്ത പോരാളിയായിരുന്ന ആർ.ഗോവിന്ദന് ദേവസ്വം ബോർഡ് അംഗത്വം രാജിവയ്ക്കേണ്ടിവന്നു.
1957ലെ നിയമസഭയിൽ കുന്നത്തൂർ ദ്വയാംഗമണ്ഡലത്തിൽ നിന്നു വിജയിച്ച അഡ്വ. ആർ ഗോവിന്ദൻ വിമോചന സമരകാലത്ത് ഏറെ ശ്രദ്ധേയനായിരുന്നു. ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭയിൽ. അഡ്വ. ആർ.ഗോവിന്ദനെ കൂറുമാറ്റാൻ പ്രതിപക്ഷം പതിനെട്ടടവും പയറ്റിയെങ്കിലും അദ്ദേഹത്തിന്റെ അചഞ്ചലമായ പാർട്ടിക്കൂറ് പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചു.
പാർട്ടിയിൽ ഉറച്ചുനിന്നു. ചാത്തന്നൂർസ്വദേശിയായ അദ്ദേഹത്തെ 1967 ലെ ഐക്യമുന്നണി മന്ത്രിസഭാ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിയോഗിച്ചു. ഒരു വർഷം കഴിയും മുമ്പേ അഴിമതി ആരോപണം ഉയർന്നു. പ്രശ്നം വഷളാകും മുമ്പേ പാർട്ടി നേതൃത്വം ഇടപെട്ട് അംഗത്വം രാജിവയ്പിക്കുകയായിരുന്നു.
പാർട്ടി പ്രവർത്തകരുമൊത്ത് ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെത്തി ധനസമ്പാദനം നടത്തി എന്നതായിരുന്നു ആരോപണം. പാർട്ടി പ്രവർത്തകർ ചതിച്ചതാണെന്നായിരുന്നു അദ്ദേഹം പാർട്ടിക്കു നല്കിയ വിശദീകരണം.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനുശേഷം സിപിഐയിൽ ഉറച്ചുനിന്ന അദ്ദേഹം ഖാദിബോർഡ് അംഗം, കൊല്ലം ജില്ലാ കൗൺസിൽ അംഗം, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നി പദവികൾ വഹിച്ചിട്ടുണ്ട്. പല പദവികൾ വഹിച്ചിരുന്നുവെങ്കിലും വ്യക്തിജീവിതത്തിൽ വളരെ സാധാരണക്കാരനായിരുന്നു. 2005 നവംബർ 1 1-ന് അന്തരിച്ചു.
പ്രദീപ് ചാത്തന്നൂർ

