ശബരിമല: മണ്ഡല മകരവിളക്ക് പൂജയ്ക്കായി കഴിഞ്ഞ 16 ന് ശബരിമല നട തുറന്നശേഷം ഇന്നലെ ഉച്ചവരെ ദര്‍ശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീര്‍ഥാടകര്‍. ഇന്നലെ രാത്രി ഏഴു വരെ 4,94,151 തീര്‍ഥാടകരാണ് എത്തിയത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ രാത്രി ഏഴുവരെ 72,037 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി.
വെര്‍ച്വല്‍ ക്യൂ ബുക്കിംഗുള്ള 70000 പേരും കഴിഞ്ഞദിവസങ്ങളില്‍ എത്തിയിരുന്നില്ല. ശബരിമലയിലെ തിരക്ക് സംബന്ധിച്ച ആശങ്കകള്‍ കാരണം പലരും യാത്ര നീട്ടിവച്ചിരിക്കുകയാണെന്ന് പറയുന്നു. സ്പോട്ട് ബുക്കിംഗ് കുറച്ചതോടെ ബുക്കിംഗില്ലാതെ എത്തുന്നവരും കുറഞ്ഞു. തിരക്ക് കുറഞ്ഞതോടെ ബുക്കിംഗ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനാനുമതി നല്‍കുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് കൂടുതല്‍ പേര്‍ക്ക് ഇന്നു മുതല്‍ അനുവദിച്ചു.
സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയം. ഇന്നലെ കാര്യമായ തിരക്ക് രാവിലെ മുതൽക്കേ ഉണ്ടായില്ല. വലിയ നടപ്പന്തലിലൊഴികെ മറ്റൊരിടത്തും ഭക്തർക്ക് കാത്തുനിൽക്കേണ്ടിവന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തീർഥാടകരുടെ എണ്ണത്തിലും കുറവുണ്ടായി. ഇന്നലെയും ആദ്യം എത്തിയ 5000 പേർക്ക് മാത്രമാണ് സ്പോട്ട് ബുക്കിംഗ് നൽകിയത്.
70000 പേർക്ക് വെർച്വൽ ബുക്കിംഗ് ഉണ്ടായിരുന്നെങ്കിലും ബുക്ക് ചെയ്തവരിൽ നല്ലൊരു പങ്കും എത്തിയിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ തിരക്ക് കാരണം ഇതര സംസ്ഥാനക്കാരായ തീർഥാടകർ യാത്ര മാറ്റിവച്ചതായാണ് സൂചന.സന്നിധാനത്തും പമ്പയിലും കാര്യമായ തിരക്ക് അനുഭവപ്പെടാതിരുന്നതോടെ ബുക്കിംഗ് ഇല്ലാതെ എത്തിയ കൂടുതൽപേരെ നിലയ്ക്കലിൽനിന്ന് കടത്തിവിട്ടു. സ്പോട്ട് ബുക്കിംഗിന്റെ എണ്ണം കുറച്ചതോടെ നിലയ്ക്കലിൽ കാത്തുനിൽക്കുന്ന ഭക്തരുടെ എണ്ണത്തിൽ വർധനയുണ്ട്.
അതിനിടെ, തിരക്ക് കണക്കിലെടുത്ത് കൂടുതൽ പേർക്ക് ദർശനത്തിന് അനുമതി നൽകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ ശനിയാഴ്ച മുതൽ കൂടുതൽ പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നത് കണക്കിലെടുത്താണ് കോടതി ഇളവ് അനുവദിച്ചത്.

