ലാൽ സലാം സഖാവേ… സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ; പയ്യാമ്പലത്തെ വിടവാങ്ങൽ വികാരനിർഭരം


കണ്ണൂര്‍: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ജന്മനാടിന്‍റെ യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്തെ കടപ്പുറത്ത് മൃതദേഹം സംസ്കരിച്ചു. പതിനായിരക്കണക്കിന് സി പി എം പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്. മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി.

ചടയന്‍ ഗോവിന്ദന്‍റെയും ഇ.കെ. നായനാരുടെയും കുടീരങ്ങള്‍ക്ക് നടുവിലായി അദ്ദേഹം ഇനി അന്ത്യവിശ്രമംകൊള്ളും.

മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയുമടക്കമുള്ള നേതാക്കളാണ് സംസ്കാരം നടക്കുന്ന സ്ഥലത്തേയ്ക്ക് അദ്ദേഹത്തിന്‍റെ മൃതദേഹം വഹിച്ചത്.

കോടിയേരിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് വിലാപയാത്രയാണ് പയ്യാമ്പലത്തേക്ക് മൃതദേഹം എത്തിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം. വി. ജയരാജന്‍, എ. വിജയരാഘവന്‍ എന്നിവര്‍ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം ഒന്നരകിലോമീറ്ററോളം വരുന്ന വിലാപയാത്രയില്‍ കാല്‍നടയായി പങ്കെടുത്തു.

പ്രിയ സഖാവിനെ യാത്ര അയയ്ക്കാന്‍ വഴിയിലുടനീളം ആയിരകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. സംസ്കാരചടങ്ങുകള്‍ നടക്കുമ്പോഴും പ്രിയപ്പെട്ട നേതാവിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള മുദ്യാവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

“ഇല്ല ഇല്ല മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്ന മുദ്യാവാദ്യം വിളികളോടെയാണ് കണ്ണൂര്‍ കോടിയേരിക്ക് വിട നല്‍കിയത്.

Related posts

Leave a Comment