മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ.എല്‍. രാഹുല്‍ നയിക്കും. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് വിശ്രമത്തിലായതിനെത്തുടര്ന്നാണ് രാഹുല്‍ ക്യാപ്റ്റന്‍സിയിലേക്ക് എത്തുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കോല്‍ക്കത്തിയില്‍ നടന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ കഴുത്തിനു പരിക്കേറ്റ ഗില്‍ ഇതുവരെ മൈതാനത്ത് തിരിച്ചെത്തിയിട്ടില്ല.
ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് തിരിച്ചെത്തി. അതേസമയം, പരിക്കേറ്റ് വിശ്രമത്തിലുള്ള ശ്രേയസ് അയ്യറിനെ പരിഗണിച്ചില്ല. ശ്രേയസ് അയ്യര്‍ പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ തിലക് വര്‍മയ്ക്ക് വിളിയെത്തി.
ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ കളിച്ച തിലക് വര്‍മയ്ക്ക് ടീമില്‍ ഇടം ലഭിച്ചു. ഇതുവരെ നാല് ഏകദിനങ്ങളില്‍ മാത്രമാണ് തിലക് വര്‍മ കളിച്ചിട്ടുള്ളത്.
പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്കിയപ്പോള് ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിനെ പരിഗണിച്ചില്ല. സ്പിന്‍ ഓള് റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും പേസ് ഓള് റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും ഇടംനേടി.
ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ രോഹിത് ശര്‍മയ്ക്കൊപ്പം യശസ്വി ജയ്സ്വാള്‍ ഓപ്പണിംഗ് റോളില്‍ എത്താനാണ് സാധ്യത. ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ ഇന്ത്യ എയുടെ പരമ്പരയില്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും അടക്കം മികച്ച പ്രകടനം കാഴ്ചവച്ച ഋതുരാജ് ഗെയ്ക്വാദിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 30ന് റാഞ്ചിയിലാണ്. ഡിസംബര്‍ മൂന്നിന് റായ്പുരിലും ആറിന് വിശാഖപട്ടണത്തുമാണ് മറ്റ് രണ്ടു മത്സരങ്ങള്‍.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ് ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിംഗ്, ധ്രുവ് ജുറെല്‍.

