പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗമെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പാര്‍ട്ടി നേതാവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തത് പ്രധാനവിഷയമാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പത്മകുമാറിനെ കേസില്‍ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റിയംഗം സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപടി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതില്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പുണ്ട്. ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ വിഷയം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുറ്റാരോപിതനെന്ന പേരില്‍ നടപടി വേണ്ടെന്നാണു പാര്‍ട്ടി നിലപാട്. കുറ്റപത്രം വരുന്നതുവരെ കാത്തിരിക്കാമെന്നാണ് നിലപാട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിഷയത്തില്‍ സ്വര്‍ണക്കൊള്ള വിവാദത്തിലെ പാര്‍ട്ടി ബന്ധം വിശദീകരിക്കേണ്ടി വരുമെന്നതിനാല്‍ പത്മകുമാറിനെതിരേ നടപടിയെടുത്ത് തലയൂരുകയാണ് നല്ലതെന്ന അഭിപ്രായം ജില്ലയിലുണ്ട്.
ഏരിയാ സെക്രട്ടറിമാര്‍ അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ ഇത്തരമൊരു അഭിപ്രായത്തിനു മുന്‍തൂക്കം വന്നാലും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിച്ചു പിരിയാനാണ് സാധ്യത.

