ദുബായ്: ലോക ചാമ്പ്യന്മാരായ ഇന്ത്യ, ഏഷ്യ കപ്പില്‍ ടീമുകളെ തകര്‍ത്ത് തരിപ്പണമാക്കുമെന്നാണ് യുഎഇ കോച്ച് ലാല്‍ചന്ദ് രാജ്പുത്തിന്റെ വാക്കുകള്‍. 13.1 ഓവറില്‍ യുഎഇയെ 57 റണ്‍സില്‍ എറിഞ്ഞിട്ടശേഷം 4.3 ഓവറില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഒരു വെടിയും ശബ്ദവും മാത്രമേ കേട്ടുള്ളൂ എന്ന ജഗതിശ്രീകുമാറിന്റെ ഡയലോഗിനു സമാനമാണ് ലാല്‍ചന്ദിന്റെ ഈ തുറന്നുപറച്ചില്‍. ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യക്കെതിരേ ഒമ്പത് വിക്കറ്റ് തോല്‍വി വഴങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു ലാല്‍ചന്ദ് രാജ്പുത്.
2007ല്‍ നടന്ന പ്രഥമ ഐസിസി ട്വന്റി-20 ലോകകപ്പില്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള് ടീമിന്റെ മാനേജരായിരുന്നു ലാല്‍ചന്ദ്. 2007-08 ഓസ്ട്രേലിയന്‍ പര്യടനംവരെ ഇന്ത്യയുടെ കോച്ചായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കോച്ചായ ചരിത്രവും ലാല്ചന്ദിനുണ്ട്.
ഇന്ത്യയുടെ റേഞ്ച്
“പേസര്‍ അര്‍ഷദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ടീം ഇന്ത്യയുടെ പ്രതിഭാബാഹുല്യം മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യക്കെതിരേ പവര്‍പ്ലേയില്‍ മികച്ച പ്രകടനമാണ് യുഎഇ നടത്തിയത്. എന്നാല്‍, സ്പിന്നര്‍മാര്‍ എത്തിയതോടെ കഥമാറി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കെതിരേ ലോകോത്തര ബാറ്റര്‍മാര്‍ക്കു പോലും പിടിച്ചു നില്ക്കാന് സാധിക്കില്ല. ഇന്ത്യയുടെ ക്വാളിറ്റി ലെവലിലുള്ള കളിക്കാര്‍ക്കെതിരേ യുഎഇ കളിച്ചിട്ടില്ല’’- ലാല്‍ചന്ദ് പറഞ്ഞു. തിരുവനന്തപുരത്തു ജനിച്ച ഓപ്പണര്‍ അലിഷാന്‍ ഷറഫു (17 പന്തില്‍ 22) ആയിരുന്നു ഇന്ത്യക്കെതിരായ മത്സരത്തില്‍ യുഎഇയുടെ ടോപ് സ്കോറര്‍. യുഎഇ പ്ലേയിംഗ് ഇലവനില്‍ മഹാഭൂരിപക്ഷവും ഇന്ത്യയിലും പാക്കിസ്ഥാനിലും ജനിച്ചവരായിരുന്നു.