ന്യൂഡൽഹി: യുകെയുമായി സമഗ്ര സാന്പത്തിക വ്യാപാരക്കരാർ (സിഇടിഎ) ഒപ്പുവച്ചതിനെത്തുടർന്ന് ഇന്ത്യയുടെ സമുദ്രോത്പന്ന വ്യവസായം ഗണ്യമായ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷ. വിവിധ സമുദ്രോത്പന്നങ്ങൾക്കു മേലുള്ള തീരുവ ഒഴിവാക്കുന്നതിലൂടെ യുകെയിലേക്കുള്ള ഇന്ത്യയുടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി കരാർ പ്രകാരം 70 ശതമാനം വർധനയാണു പ്രതീക്ഷിക്കുന്നത്.
ഇതിലൂടെ ഇന്ത്യക്ക് നിലവിൽ യുകെയുമായി സ്വതന്ത്ര വ്യാപാരക്കരാറുകളിൽ നിന്ന് പ്രയോജനം നേടുന്ന വിയറ്റ്നാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി തുല്യനിലയിൽ മത്സരിക്കാനാകും. ഈ രാജ്യങ്ങൾക്കൊപ്പം ഒരു വലിയ വിപണിവിഹിതം പിടിച്ചെടുക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്കു കഴിയുകയും ചെയ്യും.
കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാക്കും. സമുദ്രമേഖലയെ സംബന്ധിച്ചിടത്തോളം, ഈ കരാർ വിവിധ സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കപ്പെടും. അതുവഴി യുകെ വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാരുടെ മത്സരശേഷി വർധിപ്പിക്കും.
ഇന്ത്യയിൽനിന്ന് യുകെയിലേക്കുള്ള പ്രധാന സമുദ്രോത്പന്ന കയറ്റുമതിയിൽ മുൻപന്തിയിലുള്ള വനാമി ചെമ്മീൻ, ശീതീകരിച്ച കണവ, ലോബ്സ്റ്ററുകൾ, ശീതീകരിച്ച പോംഫ്രെറ്റ്, ബ്ലാക്ക് ടൈഗർ ചെമ്മീൻ തുടങ്ങിയവയ്ക്ക് തീരുവ രഹിതമായ പ്രവേശനം ലഭിക്കും. ഇന്ത്യ-യുകെ സിഇടിഎ പ്രാബല്യത്തിൽ വന്നതോടെ എ വിഭാഗത്തിൽ വരുന്ന മത്സ്യങ്ങൾക്കും സമുദ്രോത്പന്നങ്ങൾക്കും തീരുവ രഹിതമാകും. മുന്‍പ് ഇത് 0% മുതൽ 21.5% വരെ തീരുവകൾക്ക് വിധേയമായിരുന്നു.
മത്സ്യം, ക്രസ്റ്റേഷ്യനുകൾ, മൊളാസ്കുകൾ, മത്സ്യ എണ്ണകൾ, സമുദ്ര കൊഴുപ്പുകൾ, തയാറാക്കിയതോ സംരക്ഷിച്ചതോ ആയ സമുദ്രവിഭവങ്ങൾ, മത്സ്യ ഭക്ഷണം, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, എച്ച്എസ് കോഡ് 1601 പ്രകാരമുള്ള സോസേജുകൾ പോലുള്ള ഇനങ്ങൾ മുൻഗണനാ പരിഗണനയിൽനിന്ന് ഒഴിവാക്കി.
2024-25 ൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 7.38 ബില്യണ്‍ ഡോളറിലെത്തി (60,523 കോടി രൂപ), ശീതീകരിച്ച ചെമ്മീനിൽനിന്നു മാത്രം 4.88 ബില്യണ്‍ ഡോളർ (വരുമാനത്തിന്റെ 66 ശതമാനം) ലഭിച്ചു. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ യുകെ, 80 മില്യണ്‍ ഡോളർ ശീതീകരിച്ച ചെമ്മീൻ ഉൾപ്പെടെ 104 മില്യണ്‍ ഡോളർ (879 കോടി രൂപ) മൂല്യമുള്ള ഇന്ത്യൻ സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്തു.
ഇതൊക്കെയാണെങ്കിലും, യുകെയുടെ 5.4 ബില്യണ്‍ ഡോളറിന്റെ സമുദ്രോത്പന്ന ഇറക്കുമതി വിപണിയിൽ ഇന്ത്യക്ക് 2.25 ശതമാനം വിഹിതം മാത്രമേ ഉള്ളൂ. ഇന്ത്യയിലെ ഏകദേശം 28 മില്യണ്‍ ആളുകളുടെ ഉപജീവനമാർഗവും ആഗോള മത്സ്യോത്പാദനത്തിന്റെ എട്ടു ശതമാനവും മത്സ്യബന്ധനമേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. ആഗോള മത്സ്യോത്പാദനത്തിൽ ഇന്ത്യ വളർച്ച കൈവരിച്ചിരിക്കുകയാണ്.
2014-15 നും 2024-25 നും ഇടയിൽ, ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി അളവിൽ 60 ശതമാനം വർധിച്ച് 16.85 ലക്ഷം മെട്രിക് ടണ്ണും മൂല്യം 88 ശതമാനം ഉയർന്ന് 62,408 കോടി രൂപയുമായി. യുകെയുടെ കർശനമായ കയറ്റുമതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ തീരദേശ സംസ്ഥാനങ്ങൾക്ക് സിഇടിഎയുടെ ഗുണഫലം പ്രയോജനപ്പെടുത്താനാകും.