കൊല്ലം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകം. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് എത്തി. വഞ്ചനാപരമായ റിക്രൂട്ട്മെൻ്റ് ഓഫറുകൾ വന്നാൽ സൂക്ഷിക്കണം എന്നാണ് തിരുവന്തപുരം ഡിവിഷൻ അധികൃതർ നൽകുന്ന നിർദേശം.മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ചിലർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ സമീപിച്ചത്.
ജോലി ലഭിക്കാൻ ഇവർ വൻതുകകൾ ആവശ്യപ്പെട്ട വിവരവും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകളും റെയിൽവേ റിക്രൂട്ട്മെൻ്റ് സെല്ലുകളുമാണ് നിലവിൽ റിക്രൂട്ട്മെൻ്റുകൾ നടത്തുന്നത്. റെയിൽവേയിൽ ജോലി ഉറപ്പാക്കുന്നതിന് കുറുക്കവഴികളോ ഇടനിലക്കാരോ ഇല്ലെന്നും നിർദേശത്തിൽ പറയുന്നു. മാത്രമല്ല റിക്രൂട്ട്മെൻ്റ് ബോർഡും റിക്രൂട്ട്മെൻ്റ് സെല്ലും അവരുടെ പേരിൽ പ്രവർത്തിക്കാൻ വ്യക്തികളെയോ ഏജൻസികളെയോ കോച്ചിംഗ് സെൻ്ററുകളെയോ അധികാരപ്പെടുത്തിയിട്ടുമില്ല.
റിക്രൂട്ട്മെന്റ് സംബന്ധിച്ച അറിയിപ്പുകളും അപ്ഡേറ്റുകളും ആർആർബിയുടെയും ആർആർസിയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാറുണ്ട്. മാത്രമല്ല ഇവ മാധ്യമങ്ങൾ വഴിയും ഇത് ഉദ്യോഗാർഥികളെ അറിയിക്കാറുണ്ട്. റിക്രൂട്ട്മെൻ്റുകൾ സംബന്ധിച്ച വ്യക്തതയ്ക്കായി ആർആർബി, തിരുവനന്തപുരം – 0471- 2323357, ആർആർബി, ചെന്നൈ -044-2827532, ചെന്നൈ ആർആർസി – 9500 481087 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
നിയമവിരുദ്ധമായ ഓഫറുകളുമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് ആർപിഎഫും റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് ഉദ്യോഗസ്ഥർക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കത്തിൽ തട്ടിപ്പ് സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. തിരുവനന്തപുരം ഡിവിഷനിലെ ഒരു ഉദ്യോഗസ്ഥന്റെ പേരും കത്തിൽ പരാമർശിക്കുന്നുണ്ട്.എന്നാൽ ഈ ഉദ്യോഗസ്ഥന് തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യങ്ങളടക്കം അന്വേഷണ പരിധിയിലുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.