കോട്ടയം: ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നമസ്കാരം പറഞ്ഞപ്പോള്‍ സദസിലിരുന്നവരില് പലരും വലതുകൈ നെഞ്ചിനുനേരേ പിടിച്ചു പെരുവിരല്‍ ഉയര്‍ത്തിയ ശേഷം തലയ്ക്കൊപ്പം മുകളിലേക്ക് ഉയര്‍ത്തി അഞ്ചു വിരലുകളും നിവര്‍ത്തി. അവരുടെ ഭാഷയിലുള്ള ഗുഡ്മോണിംഗ് ആയിരുന്നു അത്. ശബ്ദമില്ലാത്തവര്‍ ആംഗ്യങ്ങളിലൂടെ പറയുന്നതെന്തെന്നു സംസാരശേഷിയുള്ളവര് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട്.
ലോക ആംഗ്യ ഭാഷാദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും ജില്ലാ ഡഫ് കണ്‍സോര്‍ഷ്യവും ചേര്‍ന്നു കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ക്ലാസായിരുന്നു വേദി. മീശ പിരിച്ചു കാണിക്കുമ്പോള്‍ അച്ഛനെന്നും മുക്കുത്തിയിടുന്ന ഭാഗം തൊട്ടു കാണിച്ചപ്പോള്‍ അമ്മയെന്നുമാണെന്ന് ആംഗ്യഭാഷാ പരിഭാഷക രേഷ്മ ആര്. നാഥ് വിശദീകരിച്ചു. ഇരു കൈകളും നെഞ്ചോടു ചേര്‍ത്തു കുറുകെപ്പിടിക്കുമ്പോള് സ്നേഹം എന്നര്‍ഥം.
അക്കങ്ങളും സ്ഥലപ്പേരും
വായനയും ചിന്തയും മനിസിലാക്കലുമൊക്കെ ആംഗ്യഭാഷയില്‍ അവതരിപ്പിച്ചു.വാക്കുകള്‍ മാത്രമല്ല, അക്കങ്ങളും സ്ഥലപ്പേരുകളുമൊക്കെ ആംഗ്യങ്ങളായി വന്നപ്പോള്‍ ജീവനക്കാര്‍ക്കു കൗതുകമേറി. കോട്ടയമെന്നും കണ്ണൂരെന്നുമൊക്കെ ആംഗ്യഭാഷയില്‍ എങ്ങനെ സംസാരിക്കാമെന്ന് അവര്‍ വളരെ വേഗം പഠിച്ചെടുത്തു.
നൂറു ശതമാനം സാക്ഷരത നേടിയ ജില്ലയ്ക്ക് ആംഗ്യഭാഷയിലും നൂറുശതമാനം സാക്ഷരത കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ ആശംസിച്ചു. കളക്ടറുടെ പ്രസംഗവും രേഷ്മ കാണികള്‍ക്കായി ആംഗ്യഭാഷയില്‍ അവതരിപ്പിച്ചു. നിത്യജീവിതത്തില്‍ ആവശ്യമായിവരുന്ന ചില അടിസ്ഥാന ആംഗ്യരൂപങ്ങള് ജില്ലാ ഡഫ് കണ്‍സോര്‍ഷ്യം പ്രതിനിധികള്‍ പഠിപ്പിച്ചു നല്കി.
ഇതു മനസിലാക്കുന്നതിലൂടെ ജീവനക്കാര്‍ക്കു സംസാരശേഷിയില്ലാത്തവരുമായി സംവദിക്കുന്നത് കൂടുതല്‍ എളുപ്പമാകുമെന്ന് അവര്‍ പറഞ്ഞു.കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യനീതി ഓഫീസര്‍ സിജു ബെന്‍ അധ്യക്ഷത വഹിച്ചു. ആംഗ്യഭാഷാ സഹായി പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ ഡഫ് കണ്‍സോര്‍ഷ്യം കോ ഓര്‍ഡിനേറ്റര്‍ കെ.സി. ഐസക്, പ്രതിനിധികളായ ഏലിയാസ് മാത്യു, പി.ജെ. റോബിന്, സിജോ ജെയിംസ്, മിനി ഐസക്, ജോജോ ആന്റണി, സൂസന് ബിജു എന്നിവര്‍ പങ്കെടുത്തു.

