സ്വപ്നം കണ്ടതല്ല ബോളിവുഡ്; വഴിത്തിരിവായതു മധുരരാജ; സണ്ണി ലിയോണ്‍ വ​ള​രെ ന​ല്ല ഒ​രു സ്ത്രീ; പ്രശാന്ത് അലക്സാണ്ടർ മനസുതുറക്കുന്നു

സി​നി​മ​യി​ൽ ഒ​രു ന​ട​ൻ ക്ലി​ക്കാ​വു​ക എ​ന്ന​ത് ക​ഴി​വി​ൽ ഉ​പ​രി ഒ​രു പ​രി​ധി വ​രെ ഭാ​ഗ്യം ത​ന്നെ​യാ​ണ്. സി​നി​മ​യി​ലെ​ത്തി 17 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ആ ഭാ​ഗ്യം ന​ട​ൻ പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​റിനെ ക​ടാ​ക്ഷി​ക്കുന്നത്. ത​ല​വ​ര തെ​ളി​യു​ക എ​ന്നൊ​ക്കെ പ​റ​യാ​റി​ല്ലേ. പ്ര​ശാ​ന്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​തു സം​ഭ​വി​ച്ച​ത് വൈ​ശാ​ഖി​ന്‍റെ മ​മ്മൂ​ട്ടി​ചി​ത്രം ‘മ​ധു​ര​രാ​ജ’യി​ലാ​ണ്. അ​തി​ൽ കാ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ഉ​ട​നെ​യാ​ണ് അ​ർ​ജു​ൻ ക​പൂ​റി​നൊ​പ്പം ബോളിവുഡ് ചിത്രം ‘ഇ​ന്ത്യാ​സ് മോ​സ്റ്റ് വാ​ണ്ട​ഡി​’ൽ ഒ​രു നി​ർ​ണാ​യ​ക വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള അവസരം പ്ര​ശാ​ന്തി​നു കൈ​വ​ന്ന​ത്.

മ​ധു​ര​രാ​ജ​യി​ലെ എം​എ​ൽ​എ ക്ലീ​റ്റ​സ് എ​ന്ന വേ​ഷം ഹി​റ്റാ​യ​തി​ൽ സ​ണ്ണി ലി​യോ​ണി​നൊ​പ്പ​മു​ള്ള നൃ​ത്ത​രം​ഗ​വും നി​ർ​ണാ​യ​ക​മാ​യി. ക​മ​ലി​ന്‍റെ ‘ന​മ്മ​ളി​’ൽ തു​ട​ങ്ങി​യ പ്ര​ശാ​ന്തി​ന്‍റെ ക​രി​യ​ർ അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട്, ഓ​ർ​ഡി​ന​റി, ആ​ക്‌ഷ​ൻ ഹീ​റോ ബി​ജു, ഒ​രു മു​റൈ വ​ന്ത് പാ​ർ​ത്താ​യ, ഇ​ര, ജോ​ണി ജോ​ണി യേ​സ് അ​പ്പ തു​ട​ങ്ങി ഒ​രു​പി​ടി ശ്ര​ദ്ധേ​യ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് മ​ധു​ര​രാ​ജ​യെ​ന്ന നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ലെ​ത്തി​യ​ത്.

“ഇ​നി മ​ല​യാ​ള​ത്തി​ൽ ന​ല്ല കാ​ര​ക്ട​ർ വേ​ഷ​ങ്ങ​ൾ കി​ട്ടു​മെ​ന്നാ​ണ് സി​നി​മ​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞ​ത്. ന​ല്ല വേ​ഷ​ങ്ങ​ൾ കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലും പ്രാ​ർ​ഥ​ന​യി​ലു​മാ​ണ്. ഒ​ര​ഭി​നേ​താ​വെ​ന്നു​ള്ള രീ​തി​യി​ൽ അ​റി​യ​പ്പെ​ട്ടു മ​രി​ക്ക​ണം എ​ന്നാ​ണു മോ​ഹം. സി​നി​മ ഇ​യാ​ളെ വേ​ണ്ട​രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല എ​ന്ന് പി​ന്നീ​ട് ആ​രും പ​റ​യാ​നി​ട​യാ​ക​രു​ത്…​” ന​ട​ൻ പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ സം​സാ​രി​ക്കു​ന്നു.

ടെ​ലി​വി​ഷ​നി​ൽ നി​ന്നു സി​നി​മ​യി​ലേ​ക്ക്…

കൊ​ടൈ​ക്ക​നാ​ലി​ൽ മീ​ഡി​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ൽ ഞാൻ പി​ജി ചെയ്യുന്ന സമയത്താണ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ ഫു​ഡ് ഫെ​സ്റ്റി​വ​ൽ ക​വ​ർ ചെ​യ്യാ​ൻ ഏ​ഷ്യാ​നെ​റ്റ് അ​വി​ടെ വ​ന്നത്. ഏ​ഷ്യാ​നെ​റ്റി​ന്‍റെ ‘ക്രേ​സി റെ​ക്കോ​ർ​ഡ്സ്’ എ​ന്ന പ്രോ​ഗ്രാം അ​വി​ടെ​വ​ച്ച് ചി​ത്രീ​ക​രി​ച്ചു. അത് ആം​ഗ​ർ ചെ​യ്യാ​ൻ എ​നി​ക്ക് അ​വ​സ​ര​മു​ണ്ടാ​യി. അതി​ന്‍റെ പ്രൊ​ഡ്യൂ​സ​റാ​യി​രു​ന്ന ഷാ​ജി വ​ർ​ഗീ​സി​ന്‍റെ ക്ഷ​ണ​പ്ര​കാ​രം പി​ന്നീ​ട് ഏ​ഷ്യാ​നെ​റ്റി​ന്‍റെ ‘വാ​ൽ​ക്ക​ണ്ണാ​ടി​’യി​ൽ ആം​ഗ​റാ​യി. ഞാ​ൻ, ഉ​ണ്ണി ശി​വ​പാ​ൽ, ജ്യോ​തി​ർ​മ​തി, സ​വി​ത, നീ​ന​കു​റു​പ്പ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ആ ​പ്രോ​ഗ്രാം എ​റെ ഹി​റ്റാ​യി.

അ​തൊ​ക്കെ ചെ​യ്യു​ന്പോ​ൾ ചാ​ന​ലി​ൽ ഒ​രു ജോ​ലി എ​ന്ന ഉ​ദ്ദേ​ശം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ആ​ളു​ക​ൾ എ​ന്നെ തി​രി​ച്ച​റി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ്വാ​ഭാ​വി​ക​മാ​യും സി​നി​മാ ആ​ഗ്ര​ഹ​ങ്ങ​ളും വ​ന്നു​തു​ട​ങ്ങി. ചാ​ൻ​സ് തേ​ടി ആ​ദ്യം ക​ണ്ട​തു ക​മ​ൽ സാ​റി​ന്‍റെ അ​സോ​സി​യേ​റ്റ് സ​ലീം പ​ടി​യ​ത്തി​നെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​മ​ൽ സാ​റി​നെ ക​ണ്ടു. അ​ങ്ങ​നെ 2002 ൽ ​ ‘ന​മ്മ​ളി​’ ൽ ഞാ​നൊ​രു വേ​ഷം ചെ​യ്തു. അ​താ​ണ് എ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ.

ആ​ദ്യ​ത്തെ കാ​ര​ക്ട​ർ വേ​ഷം അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട്ടി​ൽ…

ന​മ്മ​ളി​നു ശേ​ഷം ചെ​യ്ത​തു ‘ടൂ​വീ​ല​ർ’. അ​തി​ലും ന​ല്ല വേ​ഷ​മാ​യി​രു​ന്നു. ജ​യ​സൂ​ര്യ, ജി​ഷ്ണു, കാ​വ്യ ​മാ​ധ​വ​ൻ, നി​ഷാ​ന്ത് സാ​ഗ​ർ… മ​ല​യാ​ള​ത്തി​ലെ അന്ന ത്തെ പ്ര​ധാ​ന ആ​ർ​ട്ടി​സ്റ്റു​ക​ളെ​ല്ലാ​മു​ള്ള വ​ലി​യ സി​നി​മ. പ​ക്ഷേ, പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ആ ​പ​ടം അ​ന്നു പൂ​ർ​ത്തി​യാ​യി​ല്ല. പി​ന്നീ​ടു 2013 ൽ ‘പ്ല​യേ​ഴ്സ് ’എ​ന്ന പേ​രി​ലാ​ണ് അ​തു തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ആ ​സി​നി​മ കൃ​ത്യ​സ​മ​യ​ത്തു റി​ലീ​സ് ആ​യി​രു​ന്നു​വെ​ങ്കി​ൽ എ​ന്‍റെ ക​രി​യ​ർ ത​ന്നെ മാ​റി​പ്പോ​യേ​നെ. തു​ട​ർ​ന്നു കു​റേ സി​നി​മ​ക​ളി​ൽ കാ​ന്പ​സ് വേ​ഷ​ങ്ങ​ൾ.

അ​ന്നൊ​ക്കെ എ​നി​ക്കു സി​നി​മ​യെ​ന്ന​തു കൂ​ട്ടു​കാ​രു​ടെ മു​ന്നി​ൽ ‘ഞാ​ൻ ആ ​പ​ടം ചെ​യ്തു, ആ ​ന​ട​നെ പ​രി​ച​യ​പ്പെ​ട്ടു’ എ​ന്നൊ​ക്കെ പ​റ​യാ​ൻ വേ​ണ്ടി മാ​ത്ര​മു​ള്ള ഒ​രു കാ​ര്യ​മാ​യി​രു​ന്നു. ലാ​ൽ ജോ​സി​ന്‍റെ ‘അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട്’ എ​ന്ന സി​നി​മ​യി​ലാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി കാ​ര​ക്ട​ർ വേഷം ചെയ്ത​ത്. യ​ഥാ​ർ​ഥ സം​ഭ​വം മു​ൻ​നി​ർ​ത്തി​യു​ള്ള സി​നി​മ​യാ​യി​രു​ന്നു അ​ത്. ആ ​സി​നി​മ ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തി​ൽ ഒ​രു ഹ​രം കി​ട്ടി​ത്തു​ട​ങ്ങി​യ​ത്. ഒ​രു കാ​ര​ക്ട​ർ ചെ​യ്യു​ന്പോ​ഴു​ള്ള ര​സം, അ​തി​നെ​പ്പ​റ്റി ആ​ളു​ക​ൾ പ​റ​യു​ന്ന​തു കേ​ൾ​ക്കു​ന്പോ​ഴു​ള്ള സ​ന്തോ​ഷം… അ​തെ​ല്ലാം അ​റി​യാ​നാ​യി. അ​തോ​ടെ ഞാ​ൻ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ മൊ​ത്ത​ത്തി​ൽ നി​ർ​ത്തി. ആ​ങ്ക​റാ​യി നി​ന്നാ​ൽ ആ​ളു​ക​ൾ ന​മ്മ​ളെ ആങ്ക​റാ​യി മാ​ത്ര​മേ കാ​ണു​ക​യു​ള്ളൂ എ​ന്നു തോ​ന്നി.

ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ‘ഓ​ർ​ഡി​ന​റി’…

കാ​ര​ക്ട​ർ വേ​ഷ​ങ്ങ​ൾ​ക്കാ​യി ഞാ​ൻ കാ​ത്തി​രു​ന്നു. പ​ക്ഷേ, അ​തൊ​രു നീ​ണ്ട കാ​ത്തി​രി​പ്പാ​യി​രു​ന്നു. ന​ല്ല ഒ​രു കാ​ര​ക്ട​ർ ചെ​യ്താ​ൽ അ​വ​സ​ര​ങ്ങ​ൾ ന​മ്മ​ളെ തേ​ടി​യെ​ത്തും എ​ന്നാ​ണു ഞാ​ൻ വി​ചാ​രി​ച്ചി​രു​ന്ന​ത്. അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി ന​മ്മ​ൾ അ​ന്വേ​ഷി​ച്ചു ന​ട​ക്ക​ണ​മെ​ന്നും ആ​ളു​ക​ളെ പോ​യി കാ​ണ​ണ​മെ​ന്നു​മൊ​ക്കെ അ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. നീ​ണ്ട​ കാല​യ​ള​വ് സി​നി​മ​ക​ളൊ​ന്നും ചെ​യ്യാ​തെ​യി​രു​ന്നു. ഡി​റ്റ​ക്ടീ​വ്, നാ​ദി​യ കൊ​ല്ല​പ്പെ​ട്ട രാ​ത്രി, പ​ളു​ങ്ക്…​ ഇ​ട​യ്ക്കൊ​ക്കെ ചി​ല പ​ട​ങ്ങ​ളി​ൽ ര​ണ്ടും മൂ​ന്നും സീ​നു​ക​ൾ. അ​ങ്ങ​നെ പോ​കു​ന്ന​തി​നി​ടെ ‘ബെ​സ്റ്റ് ആ​ക്ട​റി’​ൽ അ​ഭി​ന​യി​ച്ചു.

പി​ന്നീ​ടു ചെ​യ്ത സുഗീതിന്‍റെ ‘ഓ​ർ​ഡി​ന​റി​’യി​ലാ​ണ് എ​ന്‍റെ രൂ​പ​മൊ​ക്കെ മാ​റ്റി​യ ഒ​രു വേ​ഷം കി​ട്ടി​യ​ത്. അ​തി​നു ന​ല്ല അ​ഭി​പ്രാ​യം കി​ട്ടു​ക​യും ആ ​സി​നി​മ വ​ലി​യ ഹി​റ്റാ​വു​ക​യും ചെ​യ്ത​പ്പോ​ൾ എ​ന്നെ​ത്തേ​ടി അ​വ​സ​ര​ങ്ങ​ൾ വ​രും എ​ന്ന് വീ​ണ്ടും ക​രു​തി. അ​പ്പോ​ഴും അ​വ​സ​ര​ങ്ങ​ൾ വ​ന്നി​ല്ല. സി​നി​മ​യു​ടെ പി​ന്ന​ണി​യി​ലേ​ക്കു പോ​കാ​മെ​ന്നു ക​രു​തി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി. ര​ണ്ടു പ്ര​ധാ​ന താ​ര​ങ്ങ​ളെ​വ​ച്ച് എ​ന്‍റെ സ്ക്രി​പ്റ്റി​ൽ ഒ​രു സി​നി​മ അ​ഡ്വാ​ൻ​സൊ​ക്കെ മൂ​വ് ചെ​യ്തു മു​ന്നോ​ട്ടു നീ​ങ്ങി. പ​ക്ഷേ, മ​റ്റൊ​രു സി​നി​മ​യു​ടെ പ​രാ​ജ​യം എ​ന്‍റെ സി​നി​മ​യെ ബാ​ധി​ച്ച​തി​നാ​ൽ അ​തു ന​ട​ന്നി​ല്ല. ഞാ​ൻ എ​ഴു​തി​യ ക​ഥ​യ്ക്കു പി​ന്നാ​ലെ ന​ട​ന്ന​തു മൂ​ന്ന​ര വ​ർ​ഷം!

എ​ബ്രി​ഡ് ഷൈ​നും ആ​ക്‌ഷ​ൻ ഹീ​റോ ബി​ജു​വും…

ഡി​പ്ര​ഷ​നി​ലേ​ക്കു വീ​ഴു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണ് എ​ബ്രി​ഡ് ഷൈ​ന്‍റെ ആ​ക്‌ഷ​ൻ ഹീ​റോ ബി​ജു​വി​ൽ ഒ​രു റോ​ൾ കി​ട്ടി​യ​ത്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ജോ​സ് പൊ​റ്റ​ക്കു​ഴി. ഷൈ​ൻ എ​ന്‍റെ സു​ഹൃ​ത്താ​ണ്. ‘1983’ യി​ൽ എന്നെ കാസ്റ്റ് ചെയ്തി രുന്നുവെങ്കിലും എനിക്ക് അതിൽ അഭിനയിക്കാനായില്ല. ആക്‌ഷൻ ഹീറോ ബിജുവിൽ മൂന്നു സീനാണു തന്നത്. ഏറെ നിർണായകമായ ആ മൂന്നു സീനുകൾ സിനിമ ഇറങ്ങിയതോടെ വലിയ സംഭവമായി. എ​ന്നി​ലെ അ​ഭി​നേ​താ​വി​നു പു​തി​യ കാ​ഴ്ച​പ്പാ​ടു ത​ന്ന​ത് എ​ബ്രി​ഡ് ഷൈ​ൻ എ​ന്ന സം​വി​ധാ​യ​ക​നാ​ണ്.

ഇ​നി കാ​ത്തി​രു​ന്നി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും വേ​ഷ​ങ്ങ​ൾ പോ​യി​ത്ത​ന്നെ വാ​ങ്ങ​ണ​മെ​ന്നു​മു​ള്ള ബോ​ധ്യ​ത്തി​ലെ​ത്തി. പ​രി​ചി​ത​രാ​യ സം​വി​ധാ​യ​ക​ർ​ക്കു സി​നി​മ​ക​ൾ കു​റ​യു​ക​യും പു​തി​യ സം​വി​ധാ​യ​ക​ർ സി​നി​മ​യി​ലേ​ക്കു വ​രി​ക​യും ചെ​യ്ത സ​മ​യ​മാ​യി​രു​ന്നു അ​ത്. ന​ന്പ​ർ തേ​ടി​പ്പി​ടി​ച്ച് അ​വ​രി​ലേ​ക്ക് എ​ത്തു​ക എ​ന്ന​തു വ​ലി​യ ച​ല​ഞ്ചാ​യി​രു​ന്നു. പ​ക്ഷേ, ആ​ക്‌ഷൻ ഹീ​റോ ബി​ജു ക​ണ്ടി​രു​ന്ന​തി​നാ​ൽ വ​ള​രെ പോ​സി​റ്റീ​വാ​യി​ട്ടാ​ണ് എ​ല്ലാ​വ​രും എ​ന്നോ​ടു പെ​രു​മാ​റി​യ​ത്. പിന്നീടു സാ​ജ​ൻ കെ. ​മാ​ത്യു​വി​ന്‍റെ ‘ഒ​രു മു​റൈ വ​ന്ത് പാ​ർ​ത്താ​യ’യിൽ കുര്യച്ചൻ എന്ന ആദ്യാ​വ​സാ​ന​മു​ള്ള വേ​ഷം. ആ ​പ​ടം അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും മു​ഴു​നീ​ള​വേ​ഷം ചെ​യ്യു​ന്ന എക്സ്പീരിയൻസ് എ​നി​ക്കു​കി​ട്ടി.

പി​ന്നീ​ട് വൈ​ശാ​ഖും ഉ​ദ​യ​കൃ​ഷ്ണ​യും പ്രൊ​ഡ്യൂ​സ് ചെ​യ്ത ‘ഇ​ര’ യിൽ ഹോസ്പിറ്റൽ എംഡിയുടെ വേഷം. നവീൻ ജോണിന്‍റെ രചനയിൽ സൈജു എസ്.എസ് സംവിധാനം ചെയ്ത ചിത്രം. ഞാ​ൻ ഹ്യൂ​മ​ർ ചെ​യ്താ​ൽ എ​ങ്ങ​നെ​യി​രി​ക്കും എ​ന്ന് ആ​ദ്യ​മാ​യി സ്ക്രീ​നി​ൽ കാ​ണാ​നാ​യ​ത് ഇ​ര​യി​ലാ​ണ്. അ​വി​ടെ​വ​ച്ചാ​ണ് വൈ​ശാ​ഖി​നെ​യും ഉ​ദ​യേ​ട്ട​നെ​യു​മൊ​ക്കെ അ​ടു​ത്ത് പ​രി​ച​യ​പ്പെ​ട്ട​ത്.

‘ജോ​ണി ജോ​ണി യേ​സ് അ​പ്പ​’യി​ൽ പ​ള്ളീ​ല​ച്ച​ൻ…

അ​തു​വ​രെ ചെ​യ്തു​വ​ന്ന ചെ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നു വി​ഭി​ന്ന​മാ​യി നാ​യ​ക​നെ വ​രെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ൽ സ്ക്രി​പ്റ്റി​ൽ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ക​ഥാ​പാ​ത്രം എ​നി​ക്കു കി​ട്ടി​യ​ത് ജി.​മാ​ർ​ത്താ​ണ്ഡ​ൻ സം​വി​ധാ​നം ചെ​യ്ത ജോ​ണി ജോ​ണി യേ​സ് അ​പ്പ​യി​ലാ​ണ്. അ​തി​ലെ പ​ള്ളീ​ല​ച്ച​ൻ എ​നി​ക്കു വ​ള​രെ ഇ​ഷ്ട​പ്പെ​ട്ട ഒ​രു വേ​ഷ​മാ​ണ്. എ​ന്‍റെ പി​താ​വും ഒ​രു പ​ള്ളീ​ല​ച്ച​നാ​യി​രു​ന്നു. എ​നി​ക്കു പ്ര​മോ​ഷ​ൻ കി​ട്ടി​യ വേ​ഷ​മാ​യി​രു​ന്നു അ​ത്. അ​തു ചെ​യ്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് വൈ​ശാ​ഖി​ന്‍റെ ‘മ​ധു​ര​രാ​ജ​’യി​ൽ എ​ന്നെ കാ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​റി​യു​ന്ന​ത്.

ആ ​സ​മ​യ​ത്തു ത​ന്നെ​യാ​ണ് എ​നി​ക്കു ഫേ​സ്ബു​ക്കി​ൽ മും​ബൈ​യി​ലെ ഒ​രു കാ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ മെ​സേ​ജ് വ​ന്ന​ത്. അ​വ​രു​ടെ പു​തി​യ സി​നി​മ​യി​ൽ ഒ​രു സൗ​ത്ത് ഇ​ന്ത്യ​ൻ കാ​ര​ക്ട​ർ ഉ​ണ്ടെ​ന്നും അ​തു ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ണ്ടോ എ​ന്നും ചോ​ദി​ച്ചു. എ​ന്തും ചെ​യ്യാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന മാ​ന​സി​ക അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഞാ​ൻ. അ​വ​ർ ത​ന്ന സ്ക്രി​പ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ഓ​ഡീ​ഷ​ൻ വീ​ഡി​യോ ത​യാ​റാ​ക്കി അ​യ​ച്ചു​കൊ​ടു​ത്തു. അ​ങ്ങ​നെ ഒ​രേ​സ​മ​യ​ത്ത് ‘മ​ധു​ര​രാ​ജ’​യും ഹി​ന്ദി സി​നി​മ ‘ഇ​ന്ത്യാ​സ് മോ​സ്റ്റ് വാ​ണ്ട​ഡും’ ക​യ​റി​വ​ന്നു.

മ​ധു​ര​രാ​ജ​യും ഇ​ന്ത്യാ​സ് മോ​സ്റ്റ് വാ​ണ്ട​ഡും

ര​ണ്ടു സി​നി​മ​യുടെയും ഡേ​റ്റു​ക​ൾ ത​മ്മി​ൽ കാ​ര്യ​മാ​യ ക്ലാ​ഷ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും ര​ണ്ടും തു​ട​ങ്ങു​ന്ന​ത് ഒ​രേ ദി​വ​സ​മാ​യി​രു​ന്നു. ആ ​ദി​വ​സം ഞാ​ൻ അ​ത​തു സെ​റ്റു​ക​ളി​ലു​ണ്ടെ​ങ്കി​ലേ എ​നി​ക്കു മു​ന്നോ​ട്ട് അ​ഭി​ന​യി​ക്കാ​ൻ പ​റ്റു​മാ​യി​രു​ന്നു​ള്ളൂ. ആ​കെ ടെ​ൻ​ഷ​നാ​യി. ലൈ​ഫി​ൽ ടേ​ണിം​ഗ് പോ​യി​ന്‍റ് ആ​കാ​ൻ പോ​കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് മ​ധു​ര​രാ​ജ​യി​ലേ​തെ​ന്നും ഹി​ന്ദി​പ​ടം ഉ​പേ​ക്ഷി​ച്ചാ​ലും ന​ഷ്ട​മി​ല്ലെ​ന്നും വൈ​ശാ​ഖ് പ​റ​ഞ്ഞു. 17 വ​ർ​ഷ​മാ​യി ഇ​വി​ടെ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​നി​ക്ക് ഒ​രു ഒ​രു മ​ല​യാ​ളം ആ​ക്ട​റാ​യി അ​റി​യ​പ്പെ​ട​ണം, അ​തി​നാ​ൽ ഹി​ന്ദി ചെ​യ്യു​ന്നി​ല്ലെ​ന്നു കാ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യെ അ​റി​യി​ച്ചു.

ഒ​രു ദി​വ​സം കൊ​ണ്ട് മ​റ്റൊ​രാ​ക്ട​റെ ക​ണ്ടെ​ത്തു​ക ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ൽ എ​നി​ക്കു​വേ​ണ്ടി അ​വ​ർ ഒ​രു ദി​വ​സ​ത്തെ ഡേ​റ്റ് അ​ഡ്ജ​സ്റ്റ് ചെ​യ്തു​ത​ന്നു. അ​ങ്ങ​നെ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നു മ​ധു​ര​രാ​ജ​യു​ടെ സെ​റ്റി​ലെ​ത്തി അ​ഭി​ന​യി​ച്ചു തു​ട​ങ്ങി. ജ​ഗ​പ​തി ​ബാ​ബു​വു​മാ​യി​ട്ടാ​യി​രു​ന്നു അ​ന്നു കോം​ബി​നേ​ഷ​ൻ. അ​ന്ന് ഉ​ച്ച​യാ​യ​പ്പോ​ൾ ഇ​വി​ടെ പ്ര​ള​യം കാ​ര​ണം എ​യ​ർ​പോ​ർ​ട്ട് അ​ട​ച്ചു. ഹി​ന്ദി​പ​ട​ത്തി​ന്‍റെ കോ​ണ്‍​ട്രാ​ക്റ്റ് നേ​ര​ത്തേ ഒ​പ്പു​വ​ച്ചി​രു​ന്ന​തി​നാ​ൽ അ​ന്നു രാ​ത്രി മും​ബൈ​യി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ എ​നി​ക്കെ​തി​രേ അ​വ​ർ​ക്കു നി​യ​മ​ന​ട​പ​ടി​യി​ലേ​ക്കു പോ​കാം. കാ​റി​ൽ ചെ​ന്നൈ​യി​ൽ എ​ത്തി​ച്ച് അ​വി​ട​ന്ന് ഫ്ളൈ​റ്റ് ക​യ​റ്റി​വി​ടു​മെ​ന്ന് വൈ​ശാ​ഖ് പ​റ​ഞ്ഞു.

ഭാഗ്യവശാൽ നാ​ലു മ​ണി ആ​യ​പ്പോ​ഴേ​ക്കും എ​യ​ർ​പോ​ർ​ട്ട് തു​റ​ന്നു. പ​ക്ഷേ, മ​ധു​ര​രാ​ജ​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഏ​ഴു മ​ണി​ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള​താ​ണ്. ഷൂ​ട്ട് തീ​ർ​ന്ന​പ്പോ​ൾ ആ​റു മ​ണി. എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ എ​ട്ടു മ​ണി. എ​ട്ടു മ​ണി​ക്കാ​ണു ഫ്ളൈ​റ്റ്. അ​വി​ട​യെ​ത്തി​യ​പ്പോ​ഴാ​ണ് മ​ഴ കാ​ര​ണം ഗോ​വ​യി​ൽ നി​ന്നു​ള്ള ഫ്ളൈ​റ്റ് അ​ര മ​ണി​ക്കൂ​ർ വൈ​കു​മെ​ന്ന​റി​ഞ്ഞ​ത്. അങ്ങനെ എ​നി​ക്കു ഫ്ളൈ​റ്റ് കി​ട്ടി. രാ​ത്രി ഞാ​ൻ മും​ബൈ​യി​ലെ​ത്തി. പി​റ്റേ​ദി​വ​സം മു​ത​ൽ ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡി’ൽ അ​ഭി​ന​യി​ച്ചു​തു​ട​ങ്ങി. എല്ലാറ്റിനും പി​ന്നി​ൽ ദൈ​വാ​നു​ഗ്ര​ഹം തന്നെ.

ഐ​ബി ഓ​ഫീ​സ​ർ പി​ള്ള

ഹി​ന്ദി സിനിമാ അ​നു​ഭ​വ​ങ്ങ​ൾ വ​ള​രെ ര​സ​ക​ര​മാ​യി​രു​ന്നു; ഞാൻ സ്വ​പ്നം കാ​ണാ​ത്ത ഒ​രു സ്ഥ​ല​ത്താ​ണ് എ​ത്തി​നി​ൽ​ക്കു​ന്ന​ത് എ​ന്ന അ​വ​സ്ഥ. മ​ല​യാ​ള​സി​നി​മ​യി​ൽ വേ​ഷ​മി​ല്ലാ​തി​രി​ക്കു​ന്പോ​ഴാ​ണ് ഞാ​ൻ ഹി​ന്ദി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. അ​താ​ണ് ഏ​റ്റ​വും വ​ലി​യ കോ​മ​ഡി! മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യു​മൊ​ക്കെ അ​ഭി​ന​യി​ക്കു​ന്ന ഏ​തെ​ങ്കി​ലു​മൊ​രു സി​നി​മ​യി​ൽ ഒ​രു വേ​ഷം കി​ട്ടി​യാ​ൽ മ​തി എ​ന്ന് ആ​ഗ്ര​ഹി​ച്ചു​ന​ട​ക്കു​ന്ന എ​നി​ക്കാ​ണ് ബോ​ളി​വു​ഡി​ൽ നി​ന്ന് അ​വ​സ​രം കി​ട്ടു​ന്ന​ത്. സ്വ​പ്നം സ​ത്യ​മാ​യി എ​ന്നൊ​ന്നും പ​റ​യാ​നാ​വി​ല്ല. കാ​ര​ണം, അ​ങ്ങ​നെ​യൊ​രു സ്വ​പ്ന​മേ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മും​ബൈ​യി​ലും നേ​പ്പാ​ളി​ലും പ​ട്ന​യി​ലു​മാ​യി​രു​ന്നു ‘ഇ​ന്ത്യാ​സ് മോ​സ്റ്റ് വാ​ണ്ട​ഡി’​ന്‍റെ ഷൂ​ട്ടിം​ഗ്. അ​നു​രാ​ഗ് ക​ശ്യ​പി​ന്‍റെ അ​സോ​സി​യേ​റ്റ് ആ​യി​രു​ന്ന രാ​ജ് കു​മാ​ർ ഗു​പ്ത​യാ​ണു സം​വി​ധാ​യ​ക​ൻ. അ​മീ​ർ, നോ ​വ​ണ്‍ കി​ൽ​ഡ് ജെ​സീ​ക്ക, ഗ​ഞ്ച​ക്ക​ർ, അ​ജ​യ് ദേ​വ്ഗ​ണ്‍ നാ​യ​ക​നാ​യ റെ​യ്ഡ് തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ൻ.

‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ ഒ​രു റി​യ​ൽ ലൈ​ഫ് സ്റ്റോ​റി​യാ​ണ്. ഇ​ന്ത്യ​യി​ലു​ട​നീ​ളം ബോം​ബ് സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി​യ ഒ​രു ടെ​റ​റി​സ്റ്റി​നെ ആ​യു​ധ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ അ​ഞ്ച് ഐ​ബി ഓ​ഫീ​സ​ർ​മാ​ർ പി​ടി​കൂ​ടാ​ൻ പോ​കു​ന്ന​തി​ന്‍റെയും ഒ​രു വെ​ടി​യു​ണ്ട പോ​ലും പാ​ഴാ​ക്കാ​തെ ആ ​ടെ​റ​റി​സ്റ്റി​നെ പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെയും ക​ഥ​. ‘ഇ​ന്ത്യ​യു​ടെ ഒ​സാ​മ ബി​ൻ​ലാ​ദ​ൻ’ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ടെ​റ​റി​സ്റ്റി​നെ​യാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ അ​ഞ്ച് ഐ​ബി ഓ​ഫീ​സ​ർ​മാ​ർ രാ​ജ്യ​സ്നേ​ഹ​മൊ​ന്നു​കൊ​ണ്ടു​മാ​ത്രം പോ​യി പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​ത്.

അ​തി​ൽ ഒ​രു ഐ​ബി ഓ​ഫീ​സ​റാ​യി​ട്ടാ​ണ് ഞാ​ൻ അ​ഭി​ന​യി​ച്ച​ത്. പി​ള്ള എ​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ ക​ഥാ​പാ​ത്രം. റി​യ​ൽ ലൈ​ഫ് കാ​ര​ക്ട​റാ​ണ്. ഫോ​ട്ടോഷൂ​ട്ട് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഈ ​സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ ഇ​ത്ര​യും പ്രാ​ധാ​ന്യം കി​ട്ടു​മെ​ന്നു ഞാ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. സി​നി​മ​യി​ൽ എ​ല്ലാ​വ​ർ​ക്കു​മു​ള്ള പ്രാ​ധാ​ന്യം എ​ന്താ​ണോ അ​തു​പോ​ലെ​ത​ന്നെ പോ​സ്റ്റ​റി​ലും വ​ന്നി​ട്ടു​ണ്ട്. ഈ മാസം 24 നു ചിത്രം തിയറ്ററുകളിലെത്തും.

അ​ർ​ജു​ൻ ക​പൂ​റി​നൊ​പ്പം

അ​ർ​ജു​ൻ ക​പൂ​റു​മാ​യി ഉ​ട​നീ​ളം കോം​ബി​നേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. ക​പൂ​ർ ഫാ​മി​ലി എ​ന്ന വ​ലി​യ സി​നി​മാ​കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ​ല്ലോ അ​ദ്ദേ​ഹം. മു​ഖ​ത്തു​നോ​ക്കി കാ​ര്യ​ങ്ങ​ൾ പ​റ​യും. പ​ക്ഷേ ആ​രെ​യും ഇ​ൻ​സ​ൾ​ട്ട് ചെ​യ്യി​ല്ല. ഷൂ​ട്ടിം​ഗ് കാ​ണാ​നെ​ത്തു​ന്ന​വ​രോ​ടും വ​ള​രെ സ്നേ​ഹ​ത്തോ​ടും മാ​ന്യ​ത​യോ​ടു​മാ​ണ് അ​ദ്ദേ​ഹം പെ​രു​മാ​റു​ന്ന​ത്. അഞ്ച് ഐബി ഓഫീസേഴ്സിൽ ഒരാളായി അ​ഭി​ന​യി​ച്ച പ്ര​വീ​ണ്‍ സിം​ഗ് സി​സോ​ഡി​യ തി​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റു കൂ​ടി​യാ​ണ്. മറ്റൊരാൾ ടെ​ലി​വി​ഷ​ൻ വെ​ബ് സീ​രി​സി​ൽ അ​ഭി​നേ​താ​വാ​ണ്. ബാ​ക്കി ര​ണ്ടു പേ​ർ എ​ന്നെ​പ്പോ​ലെ പു​തി​യ ആ​ളു​ക​ളാ​ണ്. വ​ലി​യ ഒ​രു സ്റ്റാ​റും വേ​റെ നാ​ലു പേ​രും…​ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല ഞങ്ങൾ.

അ​ഞ്ചു​പേ​ർ​ക്കും ഒ​രേ​പോ​ലെ ത​ന്നെ അ​ടു​പ്പ​വും ബ​ന്ധ​വു​മു​ണ്ടെ​ന്നു സ്ക്രീ​നി​ൽ കാ​ണു​ന്പോ​ൾ ഫീ​ൽ ചെ​യ്യ​ണം. ആ ​കെ​മി​സ്ട്രി​യു​ണ്ടാ​ക്കാ​ൻ അർജുൻ കപൂർ ന​ന്നാ​യി ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​മാ​യി ഏ​റെ അ​ടു​ത്ത് ഇ​ട​പ​ഴ​കി. എ​ട്ടു മ​ണി​ക്ക് ഷോ​ട്ട് ആ​ണെ​ങ്കി​ൽ ഏ​റ്റ​വു​മാ​ദ്യം എ​ത്തു​ന്ന​ത് അദ്ദേഹമായി​രു​ന്നു. ഹീ​റോ ത​ന്നെ അ​ങ്ങ​നെ വ​രു​ന്പോ​ൾ മറ്റുള്ളവർക്കും മറ്റു വഴികളില്ലായിരുന്നു. ക​മി​റ്റ​ഡാ​യ ഹീ​റോ. ഒ​ന്നും ഡി​മാ​ൻ​ഡ് ചെ​യ്യു​ന്ന ന​ട​ന​ല്ല അ​ർ​ജു​ൻ ക​പൂ​ർ. വ​ർ​ഷ​ങ്ങ​ളോ​ളം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി വ​ർ​ക്ക് ചെ​യ്തി​രു​ന്ന​തി​നാ​ൽ ഡ​യ​റ​ക്ട​റു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും യ​ത്ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു.

തി​രി​കെ മ​ധു​ര​രാ​ജ​യി​ൽ

തി​രി​ച്ചു മ​ധു​ര​രാ​ജ​യു​ടെ ലൊ​ക്കേ​ഷ​നി​ലെ​ത്തി. വ​ള​രെ അ​ടു​പ്പ​മു​ള്ള​വ​രോടു​മാത്ര​മേ ഹി​ന്ദി സി​നി​മ​യു​ടെ കാ​ര്യം പ​റ​ഞ്ഞി​രു​ന്നു​ള്ളൂ. മ​ധു​ര​രാ​ജ​യി​ൽ എ​ന്‍റെ കോം​ബി​നേ​ഷ​ൻ ഏ​റെ​യും മ​മ്മൂ​ക്ക​യു​മാ​യും സീ​നി​യ​ർ ന​ടന്മാരു​മാ​യും ആയി​രു​ന്നു. ഞാ​ൻ തെ​റ്റി​ക്കു​ന്ന​തു​കൊ​ണ്ടോ എ​ന്‍റെ കു​ഴ​പ്പം കൊ​ണ്ടോ ആ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന വി​ചാ​രം എ​പ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു. കാ​ര​ണം, വ​ലി​യ ഒ​രു സി​നി​മ​യ​ല്ലേ. പോ​രെ​ങ്കി​ൽ, ഞാ​ൻ ഇ​ന്നേ​വ​രെ ചെ​യ്തി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള വ​ലി​യ വേ​ഷ​വും.

പ​ക്ഷേ, അ​ങ്ങ​നെ​യൊ​ന്നും സം​ഭ​വി​ച്ചി​ല്ല. വ​ലി​യ സി​നി​മ​യെ​ന്നു പു​റ​ത്തു​നി​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്നു​വെ​ന്ന​ല്ലാ​തെ വ​ള​രെ നോ​ർ​മ​ലാ​യി ഒ​രു സി​നി​മ​യു​ണ്ടാ​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​നി​ന്ന് പ​ണി​യെ​ടു​ക്കു​ന്ന ഫീ​ൽ ആ​യി​രു​ന്നു ലൊ​ക്കേ​ഷ​നി​ൽ. 17 വ​ർ​ഷ​മാ​യി സി​നി​മ​യി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്നു, ഒ​രു ന​ല്ല വേ​ഷം കി​ട്ട​ട്ടെ എ​ന്നു​ക​രു​തി വൈ​ശാ​ഖും ഉദയകൃഷ്ണയും എ​നി​ക്കു​വേ​ണ്ടി മാ​റ്റി​വ​ച്ച വേ​ഷം – അതായിരുന്നു എംഎൽഎ ക്ലീറ്റസ്.​ കാ​ര​ക്ട​ർ ഇം​പ്രോ​വൈ​സ് ചെ​യ്യാ​ൻ വൈ​ശാ​ഖ് എ​നി​ക്ക് ഏ​റെ ഫ്രീ​ഡം ത​ന്നു.

ടെ​ലി​വി​ഷ​ൻ ആങ്ക​ർ ആ​യി​രു​ന്ന​തി​നാ​ൽ കൈ ​കൊ​ണ്ടു​ള്ള ആ​ക്ടി​വി​റ്റീ​സ് എനിക്കു കൂ​ടു​ത​ലാ​യി​രു​ന്നു. കൈ​യു​ടെ ആ​ക്ടി​വി​റ്റീ​സ് കു​റ​ച്ചാ​ൽ ന​ന്നാ​യി​രി​ക്കു​മെ​ന്ന് മ​മ്മൂ​ക്ക ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ആ​രു​മ​റി​യാ​തെ എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. ഷൂ​ട്ടിം​ഗി​നു​ശേ​ഷം സി​നി​മ​യു​ടെ ഫംഗ്ഷ​നു​ക​ൾ ന​ട​ന്ന​പ്പോ​ൾ എ​ന്നെ​പ്പ​റ്റി അ​ദ്ദേ​ഹം വ​ള​രെ ന​ല്ല വാ​ക്കു​ക​ൾ പ​റ​ഞ്ഞു; എ​ന്‍റെ ജീ​വി​ത​ത്തി​ൽ ന​ല്ല മാ​റ്റം ഉ​ണ്ടാ​ക്കാ​ൻ പോ​കു​ന്ന കാ​ര​ക്ട​റാ​ണു ഞാ​ൻ ചെ​യ്യു​ന്ന​തെ​ന്നും. സി​നി​മ ഇ​റ​ങ്ങി​യ​ശേ​ഷം ഞ​ങ്ങ​ൾ നേ​രി​ൽ ക​ണ്ട​പ്പോ​ൾ ‘എ​ങ്ങ​നെ​യു​ണ്ടെ​ടാ…​നി​ന്‍റെ ലൈ​ഫ് മാ​റി​യി​ല്ലേ’ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചി​രു​ന്നു.

സ​ണ്ണി ലി​യോ​ണി​നൊ​പ്പം നൃ​ത്ത​രം​ഗ​ത്തി​ൽ

മ​ധു​ര​രാ​ജ ക​ണ്ട് തി​യ​റ്റ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​വ​രു​ന്ന​വ​ർ ഞാ​ൻ ന​ന്നാ​യി അ​ഭി​ന​യി​ച്ചു എ​ന്നു പ​റ​യു​ന്ന​തു കേ​ൾ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്. പ​ക്ഷേ, ഞാൻ ന​ന്നാ​യി ഡാ​ൻ​സ് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത്. സ​ണ്ണി ലി​യോ​ണി​നൊ​പ്പം ഒ​രു നൃ​ത്ത​രം​ഗ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടേ​ണ്ടി​വ​ന്നു. അ​തു തി​യ​റ്റ​റി​ൽ വ​ലി​യ ചി​രി​യു​ണ്ടാ​ക്കി​യ ഒ​രു സീ​നാ​ണ്.

ഒ​രു പു​തു​മു​ഖ​ത്തെ​പ്പോ​ലെ​യാ​ണ് അ​വ​ർ ലൊ​ക്കേ​ഷ​നി​ൽ വ​ന്ന​ത്. എ​ല്ലാ​വ​രോ​ടും അ​ങ്ങേ​യ​റ്റ​ത്തെ ബ​ഹു​മാ​നം, സ​മ​യ​കൃ​ത്യ​ത, എ​ല്ലാ​വ​രോ​ടും ന​ല്ല രീ​തി​യി​ലു​ള്ള ഇ​ട​പെ​ട​ൽ…​വ​ള​രെ ന​ല്ല ഒ​രു സ്ത്രീ​യെ​ന്ന രീ​തി​യി​ലാ​ണ് എ​നി​ക്കു തോ​ന്നി​യ​ത്. എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​പ്ര​കാ​രം ഒ​പ്പം നി​ന്നു സെ​ൽ​ഫി​യെ​ടു​ത്താ​ണ് സ​ണ്ണി​ലി​യോ​ണ്‍ സെ​റ്റി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്.

മ​ധു​ര​രാ​ജ​യ്ക്കു​ശേ​ഷം…

മ​ധു​ര​രാ​ജ ചെ​യ്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ അ​നൂ​പ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത ‘കിം​ഗ് ഫി​ഷ്’, പ്രി​ൻ​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യുന്ന സ​ണ്ണി വെ​യ്ൻ ചി​ത്രം ‘അ​നു​ഗൃ​ഹീ​ത​ൻ ആ​ന്‍റ​ണി’ എ​ന്നി​വ​യി​ൽ അ​ഭി​ന​യി​ച്ചു. മ​ധു​ര​രാ​ജ റി​ലീ​സ് ആ​യ​തി​നു​ശേ​ഷം സ​ത്യ​രാ​ജി​ന്‍റെ മ​ക​ൻ സി​ബി​ സത്യരാ​ജും ര​മ്യാ​ന​ന്പീ​ശ​നും അ​ഭി​ന​യി​ച്ച ഒ​രു ത​മി​ഴ് ചി​ത്ര​ത്തി​ൽ വേഷമിട്ടു. അ​തി​ൽ ന​ല്ല വേ​ഷ​മാ​ണ്.

എന്‍റെ സ്വ​ദേ​ശം മ​ല്ല​പ്പ​ള്ളി. ജോ​ലി സം​ബ​ന്ധ​മാ​യി എ​റ​ണാ​കു​ള​ത്താ​ണ് താ​മ​സം. ഭാ​ര്യ ഷീ​ബ തി​രു​വ​ല്ല മ​ർ​ത്തോ​മ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക. മൂ​ത്ത മ​ക​ൻ ര​ക്ഷി​ത് നാ​ലാം ക്ലാ​സി​ൽ. ഇ​ള​യ മ​ക​ൻ മന്നവ്.

ടി.​ജി.​ബൈ​ജു​നാ​ഥ്

Related posts