കൊച്ചി: നെടുമ്പാശേരിയിൽ ഐവിന് ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും. പോലീസിന്റെ എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും സിഐഎസ്എഫ് ഡിജിക്ക് കൈമാറി. ഡിജിയുടെ തീരുമാനം ഈ ആഴ്ചയുണ്ടാകും.
റിമാന്‍ഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നെടുമ്പാശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൊച്ചി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന, ബിഹാര്‍ സ്വദേശികളായ സബ് ഇന്‍സ്പെക്ടര്‍ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവരാണ് തുറവൂര്‍ സ്വദേശിയായ ഐവിന് ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.
ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ അടുത്തദിവസംതന്നെ പോലീസ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നില്ല. കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇവരെ കൊണ്ടുപോയി തെളിവെടുക്കും.
കാര്‍ ഉരസിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായ ഇടം മുതല്‍ ഐവിന് കാറിന്റെ ബോണറ്റില്‍നിന്നും താഴെ വീണു കിടന്നിരുന്ന ഇടം വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
വിനയകുമാര്‍ ദാസിനെ സംഭവസ്ഥലത്ത് നാട്ടുകാര്‍ തടഞ്ഞപ്പോള്‍ കാറിലുണ്ടായിരുന്ന മോഹന്‍കുമാര്‍ അവിടെനിന്നും എങ്ങനെ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
മോഹന്‍കുമാര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. എന്നാല്‍ ഇയാളെ സിഐഎസ്എഫിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെത്തി രക്ഷപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.
ഐവിന് ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും
