ഏറ്റുമാനൂർ: അതിരമ്പുഴ കോട്ടമുറി സ്വദേശി ജയ്നമ്മ തിരോധാനക്കേസിലെ അന്വേഷണം വഴിത്തിരിവിലേക്ക്.അന്വേഷണത്തന്റെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന പ്രതിയെന്നു കരുതുന്ന സെബാസ്റ്റ്യൻ ചോദ്യം ചെയ്യൽ മുന്നോട്ടു പോകുംതോറും അന്വേഷണ സംഘത്തോട് മനസു തുറന്നു വരുന്നതായാണ് സൂചന.
സെബാസ്റ്റ്യന്റെ ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സെബാസ്റ്റ്യന്റെ കാറിൽനിന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കത്തി, ചുറ്റിക, ഡീസലിന്റെ ഗന്ധമുള്ള കന്നാസ്, പഴ്സ് എന്നിവ കണ്ടെടുത്തിരുന്നു.20 ലിറ്ററിന്റെ കന്നാസിൽ സെബാസ്റ്റ്യൻ ഡീസൽ വാങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11 ഓടെയാണ് കോട്ടയം ക്രൈംബ്രാഞ്ച് മിന്നൽ പരിശോധന നടത്തിയത്.
കേസിൽ നിർണായകമാകാവുന്ന തെളിവുകൾ ഈ പരിശോധനയിലൂടെ ലഭിച്ചതായാണ് സൂചന. ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ സെബാസ്റ്റ്യൻ അന്വേഷണം വഴിതെറ്റിക്കുന്ന രീതിയിൽ പരസ്പര വിരുദ്ധമായ മൊഴി നൽകിയും തെറ്റായ വിവരങ്ങൾ നൽകിയും അന്വേഷണ സംഘത്തെ വലയ്ക്കുകയായിരുന്നു.
എന്നാൽ, പിന്നീട് ജയ്നമ്മയെ പരിചയമുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഇരുവരും ഒന്നിച്ച് ചേർത്തലയിലെ ധ്യാനകേന്ദ്രം ഉൾപ്പെടെയുള്ള പ്രാർഥനാലയങ്ങളിൽ പോയിട്ടുണ്ടെന്നും പറയുന്നുണ്ട്. പക്ഷേ തിരോധാനക്കേസിലേക്ക് വഴിതുറക്കുന്ന വിവരങ്ങൾ നൽകുന്നില്ല. 10 ദിവസമായി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ.
കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ എഴുദിവസത്തേക്കുകൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. സെബാസ്റ്റ്യന്റെ വീടിനോടു ചേർന്നുള്ള പുരയിടത്തിൽനിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഡിഎൻഎ പരിശോധനയുടെ ഫലവും ലഭിക്കുന്നതോടെ അന്വേഷണത്തിന് കൂടുതൽ വ്യക്തത കൈവരും.
ജയ്നമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ സെബാസ്റ്റ്യനിലേക്ക് എത്തിച്ചത്. എന്നാൽ ഈ മൊബൈൽ ഫോൺ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ജയ്നമ്മ തിരോധാനത്തിനു പിന്നിൽ സെബാസ്റ്റ്യൻ തന്നെയെന്ന് അന്വേഷണ സംഘത്തിന് ഉറപ്പായിട്ടുണ്ട്. കൂടുതൽ തെളിവുകൾ ലഭ്യമാകുന്നതോടെ സെബാസ്റ്റ്യന് കുറ്റം സമ്മതിക്കേണ്ടിവരുമെന്നു തന്നെയാണ് അന്വേഷണ സംഘം കരുതുന്നത്.