കോട്ടയം: അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം ഡിഎന്‍എ ഫലം വന്നതിനു ശേഷമെന്ന് ക്രൈംബ്രാഞ്ച്. കേസില്‍ അറസ്റ്റിലായ ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കണ്ടെടുത്ത അസ്ഥിക്കഷ്ണങ്ങളുടെ ഡിഎന്‍എ ഫലത്തിനായി പോലീസ് കാത്തിരിക്കുകയാണ്.
അസ്ഥിക്കഷ്ണങ്ങള്‍ കരിഞ്ഞ നിലയിലായതിനാലാണ് ഡിഎന്‍എ വൈകുന്നത്. ഇത് സ്ത്രീയുടെ അസ്ഥിയാണെന്നു വ്യക്തമായിട്ടുണ്ട്.ജെയ്നമ്മയെ കൂടാതെ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ, കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന് എന്നിവരുടെ തിരോധാനത്തിലും ദുരൂഹത നിലനില്‍ക്കുകയാണ്.
ബിന്ദുവിനെയും ഐഷയെയും സെബാസ്റ്റ്യന്‍ വകവരുത്തിയതായാണ് സാഹചര്യത്തെളിവുകള്‍. എന്നാല്‍ തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍, ഇരുവര്‍ക്കും എന്തു സംഭവിച്ചെന്ന് പ്രതി പറയുന്നില്ല.
ഡിഎന്‍എ ഫലം ജെയ്നമ്മയുടേതാണെങ്കില് കേസില്‍ വ്യക്തമായ തെളിവാകും. സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയില്‍ കണ്ടെത്തിയ രക്തത്തുള്ളികള്‍ ജെയ്നമ്മയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
അസ്ഥിക്കഷ്ണങ്ങള്‍ ജെയ്നമ്മയുടേതല്ലെങ്കില് മൃതദേഹം എവിടെ മറവുചെയ്തുവെന്നത് കണ്ടെത്തണം. ഐഷയും ബിന്ദുവും എവിടെയെന്നതിലും തുടരന്വേഷണം നടത്തണം. ജെയ്നമ്മ തിരോധാനത്തില്‍ തുടരെ പതിനാറ് ദിവസം സെബാസ്റ്റ്യനെ ചോദ്യം ചെയ്തിട്ടും പരസ്പരവിരുദ്ധമായ മറുപടിയാണ് ഇയാള്‍ പോലീസിനു നല്‍കുന്നത്.