ശ്രീനഗർ: സുരക്ഷാസേനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്കു ചാടിയ യുവാവ് മുങ്ങിമരിച്ചു. ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണു മരിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ ഇയാൾ, പാറക്കെട്ടിനു മുകളിൽനിന്നു നദിയിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയാണ് മഗ്രേയെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നൽകിയതായി ഇയാൾ സമ്മതിച്ചിരുന്നു.
ഭീകരരുടെ ഒളിത്താവളം കാണിച്ചു തരാമെന്നും ഇയാൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാൾ പോലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു.സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ വിമർശനമുയർന്നു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഇംത്യാസിന്റെ മരണത്തിൽ ഗുഢാലോചനയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി.