ഏറ്റുമാനൂർ: വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം പത്തനാപുരം വലിയനെത്ത് ജോൺ പ്രിൻസ് ഇടിക്കുള (39)യെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2024ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോജോ അസോസിയേറ്റ്സ് ആൻഡ് റിക്രൂട്ട്മെന്റ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി ന്യൂസിലാൻഡിൽ കെയർ അസിസ്റ്റന്റ് ആയി ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിനിയിൽ നിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി.
ബാങ്ക് അക്കൗണ്ട് വഴി പണം കൊടുത്ത് ദീർഘകാലമായിട്ടും ജോലിയോ പണമോ തിരികെ കിട്ടാതെ വന്നതിനെത്തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.ഇയാൾക്കെതിരേ പത്തനാപുരം സ്റ്റേഷനിൽ രണ്ടും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒന്നും സമാന കേസുകൾ നിലവിലുണ്ട്.