കേരളക്കര നൂറ്റാണ്ടിനിടെ നേരിട്ട ഏറ്റവും വലിയ പേമാരിയും, അതിജീവനവും വെള്ളിത്തിരയിലേക്ക്. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫാണ് കേരളത്തെ ദുരന്തത്തിലാഴ്ത്തിയ പ്രളയത്തെ സിനിമയാക്കുന്നത്.
2403 ഫീറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂഡ് ആന്റണി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോണ്‍ മാന്ത്രിക്കലും ജൂഡ് ആന്റണിയും തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ അണിയറയില്‍ ഒരുപിടി ശ്രദ്ധേയരായ കലാകാരന്മാര്‍ അണി നിരക്കുന്നു. ചാര്‍ളി, എന്ന് നിന്റെ മൊയ്ദീന്‍, ചാപ്പ കുരിശ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനുമാണ്.
ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി കഥ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജ്യൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ചിത്രം അടുത്ത വര്ഷം തിയേറ്ററുകളില്‍ എത്തും.
ജൂഡ് ആന്റണി പറയുന്നു….
പ്രളയത്തില്‍ എന്റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്.
ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ ,ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ.. അതെ നമ്മുടെ അതി ജീവനത്തിന്റെ കഥ. A tribute to the unexpected heroes–

