ന്യൂഡല്‍ഹി: ബിസിസിഐ ഭരണ പരിഷ്കരണത്തിനുള്ള ജസ്റ്റീസ് ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ നീക്കത്തിനിടെ വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. കായിക സമിതികള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുന്നതിനുള്ള നടപടിയെടുക്കേണ്ടത് നിയമ നിര്‍മാണത്തിലൂടെയോ സര്‍ക്കാര്‍ ഉത്തരവുകളിലൂടെയോ ആവണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വാദിച്ചു. ശാശ്വതമായ പരിഹാര നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നതിനായി അഡ്മിനിസ്ട്രേറ്റര്‍മാരെ നിയമിക്കുന്നത് രണ്ടാഴ്ചത്തേക്കു കൂടി നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്ത ബിസിസിഐ പ്രസിഡന്റ് അനുരാഗ് സിംഗ് ഠാക്കുര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവരെ തത്സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെയാണ് ബിസിസിഐ പരിഷ്കരണം സംബന്ധിച്ച കേസില്‍ അറ്റോര്‍ണി ജനറല്‍ പുതിയ വാദവുമായി രംഗത്തെത്തിയത്.
എന്നാല്‍, ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ കോടതി തയാറായില്ല. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നു വ്യക്തമാക്കിയ ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, അതില്‍ ഉള്പ്പെടുത്തേണ്ടവരുണ്ടെങ്കില് പേര് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ബിസിസിഐയോടും ആവശ്യപ്പെട്ടു. 27നു മുമ്പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. 30നു കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരും ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും സമര്‍പ്പിക്കുന്ന പേരുകളും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലേക്ക് അമിക്കസ് ക്യൂറിമാരായ ഗോപാല്‍ സുബ്രഹ്മണ്യവും അനില്‍ ദിവാനും നിര്‍ദേശിച്ച പട്ടികയില്‍ 70 വയസിനു മുകളിലുള്ളവരെ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.
70 വയസിനു മുകളിലുള്ളവരെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥരെയും സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തരുതെന്ന് ജസ്റ്റീസ് ആര്.എം. ലോധ അധ്യക്ഷനായമൂന്നംഗ സമിതി നിര്‍ദേശിച്ചിരുന്നു.

